
ഇന്ത്യൻ എസ്‌യുവി വിപണിയിലെ രാജാവായ ഹ്യുണ്ടായ് ക്രെറ്റ കൂടുതൽ കരുത്തോടെ അടുത്ത തലമുറ മാറ്റത്തിനൊരുങ്ങുന്നു. 2015-ൽ വിപണിയിലെത്തിയ ശേഷം 20 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച ക്രെറ്റയുടെ മൂന്നാം തലമുറ മോഡൽ 2027 മധ്യത്തോടെ വിപണിയിലെത്തിക്കാനാണ് ഹ്യുണ്ടായിയുടെ പദ്ധതി. പൂർണ്ണമായും പുതിയ ‘K3’ പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കുന്ന പുതിയ മോഡൽ, നിലവിലെ പതിപ്പിനേക്കാൾ വലിപ്പമുള്ളതും കൂടുതൽ വിശാലമായ ക്യാബിനോടു കൂടിയതുമായിരിക്കും. സുരക്ഷയ്ക്കായി കൂടുതൽ ഹൈ-സ്ട്രെങ്ത് സ്റ്റീലും ഇതിൽ ഉപയോഗിക്കുന്നുണ്ട്.
2025-ലെ ലോസ് ആഞ്ചലസ് ഓട്ടോ ഷോയിൽ അവതരിപ്പിച്ച ക്രേറ്റർ കോൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഷാർപ്പ് ഡിസൈനായിരിക്കും പുതിയ ക്രെറ്റയുടേത്. കൂടുതൽ പ്രീമിയം ലുക്ക് നൽകുന്ന സ്മാർട്ട് ടെയിൽഗേറ്റ്, ഫ്ലഷ്-ഫിറ്റഡ് ഡോർ ഹാൻഡിലുകൾ, 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 9.9 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഇന്റീരിയറിനെ സമ്പന്നമാക്കും. ഒപ്പം വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, സീറോ-ഗ്രാവിറ്റി സീറ്റ് പൊസിഷൻ, അഡ്വാൻസ്ഡ് ലെവൽ 2 എഡിഎഎസ് സുരക്ഷാ ഫീച്ചറുകൾ എന്നിവയും പുതിയ മോഡലിൽ ഉൾപ്പെടുത്തും.
Also Read: ഇന്ത്യൻ റോഡുകൾ കീഴടക്കാൻ മാരുതിയും ടൊയോട്ടയും! അണിയറയിലൊരുങ്ങുന്നത് 4 വൻനിര വാഹനങ്ങൾ
എൻജിൻ നിരയിലാണ് ഏറ്റവും വലിയ മാറ്റം പ്രതീക്ഷിക്കുന്നത്. 1.5 ലിറ്റർ പെട്രോൾ എൻജിനെ അടിസ്ഥാനമാക്കിയുള്ള സ്ട്രോങ് ഹൈബ്രിഡ് സാങ്കേതികവിദ്യ പുതിയ ക്രെറ്റയിൽ അരങ്ങേറും. കർശനമായ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ കാരണം നിലവിലുള്ള 1.5 ലിറ്റർ ഡീസൽ എൻജിൻ കമ്പനി ഒഴിവാക്കിയേക്കും. പെട്രോൾ, സിഎൻജി, ഹൈബ്രിഡ് പതിപ്പുകൾക്ക് പുറമെ പൂർണ്ണ ഇലക്ട്രിക് (EV) പതിപ്പും ഹ്യുണ്ടായ് പരിഗണിക്കുന്നുണ്ട്. ഏകദേശം 11.25 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
The post പുത്തൻ ലുക്ക്! 2027-ൽ അടിമുടി മാറി ക്രെറ്റയെത്തിക്കാൻ ഹ്യുണ്ടായ് appeared first on Express Kerala.




