
കോഴിക്കോട്: കടലിൽ മത്സ്യബന്ധനത്തിലേർപ്പെടുന്നതിനിടെ അതിഥി തൊഴിലാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയായ കനകൽദാസ് ആണ് മരിച്ചത് (Beypore migrant fisherman death). കോഴിക്കോട് ബേപ്പൂർ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനായി പോയ ബോട്ടിലെ തൊഴിലാളിയായിരുന്നു ഇദ്ദേഹം.
ട്രോളിങ് നിരോധനം അവസാനിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം 31-ാം തീയതി രാത്രിയാണ് ബേപ്പൂരിൽ നിന്ന് ഇവർ കടലിലേക്ക് തിരിച്ചത്. കണ്ണൂർ കടലതിർത്തിയിൽ വെച്ച് മീൻപിടുത്തത്തിൽ ഏർപ്പെട്ടിരിക്കെ കനകൽദാസിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യവും ഹൃദയാഘാതവും അനുഭവപ്പെടുകയായിരുന്നു.
ഉടൻ തന്നെ കൂടെയുണ്ടായിരുന്ന സഹപ്രവർത്തകർ ബോട്ട് കരയിലേക്ക് തിരിക്കുകയും കനകൽദാസിനെ കോഴിക്കോട്ടെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടം നടപടികളും പൂർത്തിയാക്കിയ ശേഷം മൃതദേഹം സ്വന്തം നാടായ പശ്ചിമ ബംഗാളിലേക്ക് കൊണ്ടുപോകുമെന്ന് പോലീസും കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികളും അറിയിച്ചു.
Story Summary:
A migrant worker from West Bengal, Kanakal Das, died of a heart attack while engaged in fishing off the Kannur coast after venturing into the sea from Beypore harbour.




