
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ മോശമാകുന്ന ഫിറ്റ്‌നസ് നിലവാരത്തിലും തുടർച്ചയായ പരിക്കുകളിലും ബിസിസിഐയ്ക്കുള്ളിൽ കടുത്ത ആശങ്ക പുകയുന്നു. ഇംഗ്ലണ്ട് പര്യടനത്തിനിടെ താരങ്ങൾക്ക് തുടർച്ചയായി പേശിവലിവ് അനുഭവപ്പെട്ടതും ഫീൽഡിങ്ങിലെ വേഗതക്കുറവും വലിയ ചർച്ചയായതിന് പിന്നാലെ, ഇക്കാര്യത്തിൽ ടീം ഫിസിയോ കമലേഷ് ജെയിനിനോട് ബോർഡ് വിശദീകരണം തേടിയിരിക്കുകയാണ്. എന്നാൽ താരങ്ങളുടെ ഈ ദയനീയ അവസ്ഥയ്ക്ക് പിന്നിൽ ഐപിഎല്ലും ഫ്രാഞ്ചൈസികളുടെ സമ്മർദ്ദവുമാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിസിസിഐ സെന്റർ ഓഫ് എക്സലൻസുമായി (സിഒഇ) ബന്ധപ്പെട്ട വൃത്തങ്ങൾ രംഗത്തെത്തിയിരിക്കുന്നത് ക്രിക്കറ്റ് ലോകത്ത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്.
മനുഷ്യശരീരത്തിന് അതിന്റെതായ പരിധികളുണ്ടെന്നും, അമിതമായി കളിക്കുന്നത് പ്രത്യേകിച്ച് പ്രായമായ കളിക്കാരിൽ ഗുരുതരമായ പരിക്കുകൾക്ക് കാരണമാകുമെന്നും സിഒഇ വൃത്തങ്ങൾ എഎൻഐയോട് വ്യക്തമാക്കി. “ഫ്രാഞ്ചൈസികളുടെയും മറ്റും സമ്മർദ്ദങ്ങൾ കാരണം ഐപിഎല്ലിൽ താരങ്ങൾ പരിക്കുകളോടെ കളിക്കാൻ നിർബന്ധിതരാകുന്നു.
ALSO READ;ചരിത്രത്തിൽ ആദ്യമായി ചെങ്കോട്ടയിൽ ‘വന്ദേമാതരം’! ഇതുവരെ ഒഴിവാക്കിയത് എന്തുകൊണ്ട്?
എന്നാൽ പിന്നീട് അതിന്റെ ഉത്തരവാദിത്തം മുഴുവൻ ഫിസിയോമാരുടെ തലയിൽ കെട്ടിവെക്കുന്ന പ്രവണതയാണ് കാണുന്നത്. ടീം ഫിസിയോമാരും സിഒഇ ഫിസിയോമാരും കളിക്കാരുടെ ഫിറ്റ്നസിന് മുൻഗണന നൽകുന്നവരാണ്. എന്നാൽ നിരന്തരമായ പരിക്കുകൾ സെലക്ടർമാർക്കും കോച്ചിനും ക്യാപ്റ്റനും ഒരുപോലെ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്,” വൃത്തങ്ങൾ തുറന്നടിച്ചു. ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, ജസ്പ്രീത് ബുംറ തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾക്ക് പരിക്കേൽക്കുന്നത് ടീമിന്റെ പ്രകടനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്.
ഈ പശ്ചാത്തലത്തിൽ താരങ്ങളുടെ ഫിറ്റ്‌നസ് പ്രോഗ്രാമുകളിൽ കർശനമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് ബിസിസിഐ. ഓരോ താരത്തിനും വെവ്വേറെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിന് പകരം എല്ലാവർക്കും ബാധകമായ ഏകീകൃത ഫിറ്റ്‌നസ് പരീക്ഷകൾ നടപ്പിലാക്കാനാണ് തീരുമാനം. പുതിയ സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ചായി അഡ്രിയാൻ ലെറൂക്‌സ് ചുമതലയേറ്റതോടെ, കായികക്ഷമത അളക്കുന്നതിനുള്ള പ്രധാന പരീക്ഷയായി ‘ബ്രോങ്കോ ടെസ്റ്റ്’ മാറിയിട്ടുണ്ട്. മുൻകാലങ്ങളിൽ ചില മുതിർന്ന താരങ്ങൾക്ക് ഫിറ്റ്നസ് പരിശോധനകളിൽ ഇളവുകൾ നൽകിയിരുന്നെങ്കിലും ഇനി മുതൽ അത് അനുവദിക്കില്ലെന്ന് ബോർഡ് വ്യക്തമാക്കുന്നു. താരങ്ങളുടെ പദവി നോക്കാതെ, കായികക്ഷമതയിൽ തൃപ്തികരമല്ലാത്ത എന്തും റിപ്പോർട്ട് ചെയ്യാൻ ഫിസിയോ കമലേഷ് ജെയിനിന് കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്.
The post ഐപിഎല്ലിൽ പരിക്കോടെ കളിക്കുന്നത് ഫ്രാഞ്ചൈസി സമ്മർദ്ദം! കുറ്റം ഫിസിയോയുടെ തലയിൽ കെട്ടിവെക്കുന്നു; ബിസിസിഐ appeared first on Express Kerala.




