
ജിദ്ദ: ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന റെക്കോർഡ് ലക്ഷ്യമാക്കി സൗദി അറേബ്യയുടെ അഭിമാന പദ്ധതിയായ ജിദ്ദ ടവറിന്റെ നിർമാണം അതിവേഗം മുന്നോട്ട്. ദുബായിലെ 828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫയുടെ പകുതിയിലേറെ ഉയരം ഇതിനോടകം പിന്നിട്ട ഈ വമ്പൻ ടവർ, നിർമാണം പൂർത്തിയാകുമ്പോൾ ലോകത്തിലെ ആദ്യത്തെ 1,000 മീറ്ററിലേറെ ഉയരമുള്ള കെട്ടിടമായി മാറും.
2013-ൽ നിർമാണം ആരംഭിച്ച് വിവിധ കാരണങ്ങളാൽ ഇടവേളകൾ നേരിട്ട പദ്ധതി, 2025-ൽ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതിന് ശേഷമാണ് വലിയ വേഗത കൈവരിച്ചത്. 2025 ജനുവരിയിൽ 63 നിലകളിലായിരുന്ന ടവർ ഏപ്രിലിൽ 100 നിലകളും ഇപ്പോൾ 107 നിലകളും 430 മീറ്ററിലേറെ ഉയർച്ചയുമാണ് കൈവരിച്ചിരിക്കുന്നത്. 2028-ഓടെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ടവറിന് ആകെ 167 നിലകളാണുണ്ടാകുക. നിലവിലെ ലോക റെക്കോർഡുകാരനായ ബുർജ് ഖലീഫയെ കുറഞ്ഞത് 172 മീറ്ററെങ്കിലും മറികടന്നായിരിക്കും ജിദ്ദ ടവറിന്റെ അന്തിമ രൂപീകരണം.
Also Read: ദുബായിൽ ‘ബസ് ഓൺ ഡിമാൻഡ്’ സേവനം വ്യാപിപ്പിച്ചു; രണ്ടാഴ്ചത്തേക്ക് സൗജന്യ യാത്ര
ആധുനിക സൗകര്യങ്ങളുടെ കേന്ദ്രമായി മാറുന്ന ഈ ടവറിൽ അത്യാധുനിക ഹോട്ടലുകൾ, ആഡംബര താമസകേന്ദ്രങ്ങൾ, ബിസിനസ്സ് ഓഫിസുകൾ എന്നിവയ്‌ക്കൊപ്പം 59 അതിവേഗ ലിഫ്റ്റുകളും 12 എസ്കലേറ്ററുകളും സജ്ജീകരിക്കും. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നിരീക്ഷണ കേന്ദ്രവും ഇവിടെ ഒരുങ്ങുന്നുണ്ട്. സെക്കൻഡിൽ 10 മീറ്ററിലധികം വേഗതയുള്ള ലിഫ്റ്റുകളാണ് സന്ദർശകരെ ഈ നിരീക്ഷണ കേന്ദ്രത്തിലേക്ക് എത്തിക്കുക.
ജിദ്ദ ഇക്കണോമിക് സിറ്റിയുടെ മുഖച്ഛായ മാറ്റുന്ന മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് ഈ ഭീമാകാരമായ നിർമാണം പുരോഗമിക്കുന്നത്. 53 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയുള്ള പ്രദേശത്ത് ഓഫിസുകളും പാർക്കുകളും താമസകേന്ദ്രങ്ങളും ഉൾപ്പെടുന്ന പുതിയ നഗരമേഖലയാണ് വികസിപ്പിച്ചെടുക്കുന്നത്. പ്രശസ്തമായ ബുർജ് ഖലീഫ രൂപകൽപന ചെയ്ത അഡ്രിയൻ സ്മിത്തും ഗോർഡൻ ഗിൽ ആർക്കിടെക്ചറുമാണ് ജിദ്ദ ടവറിന് പിന്നിലും പ്രവർത്തിക്കുന്നത്.
The post ആകാശപ്പെയ്ത ചരിത്രത്തിലേക്ക് സൗദി അറേബ്യയുടെ പുതിയ ചുവടുവെയ്പ്പ്; ജിദ്ദ ടവർ നിർമ്മാണം ബുർജ് ഖലീഫയുടെ പകുതി ഉയരം പിന്നിട്ടു appeared first on Express Kerala.




