
ന്യൂഡൽഹി: മണ്ഡലത്തിലെ പൊതുജനങ്ങളെ കാണുമ്പോൾ മാന്യമായ വസ്ത്രധാരണം നടത്തണമെന്ന് ആം ആദ്മി പാർട്ടി (AAP) എം.എൽ.എ അനിൽ ഝാ വത്സിനെ രൂക്ഷമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത. ബനിയനും ഷോർട്സും മാത്രം ധരിച്ച് കസേരയിൽ ഇരുന്നുകൊണ്ട് ജനങ്ങളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കുകയും ഒപ്പിട്ടു നൽകുകയും ചെയ്യുന്ന എം.എൽ.എയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.(Delhi Chief Minister Rekha Gupta Slams AAP MLA Anil Jha Vats Over Viral Video)
വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ കിരാരി മണ്ഡലത്തെയാണ് അനിൽ ഝാ വത്സ് പ്രതിനിധീകരിക്കുന്നത്. ഡൽഹി സർക്കാരിന്റെ സ്ത്രീകളുടെ സാമ്പത്തിക സഹായ പദ്ധതിയായ ‘ഡൽഹി ലക്ഷ്മി യോജന’യുടെ അപേക്ഷാ ഫോമുകൾ സാക്ഷ്യപ്പെടുത്താൻ എത്തിയ സ്ത്രീകളുൾപ്പെടെയുള്ള ജനങ്ങൾക്ക് മുന്നിലാണ് എം.എ.എ ഇത്തരത്തിൽ വസ്ത്രധാരണത്തിൽ പ്രത്യക്ഷപ്പെട്ടത്. ഡൽഹി നിയമസഭയിലെ മൺസൂൺ സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രി ഈ വിഷയം ഉന്നയിച്ചത്.
ജനപ്രതിനിധികളുടെ ഇത്തരം പെരുമാറ്റം അങ്ങേയറ്റം ലജ്ജാകരമാണെന്നും സ്ത്രീകൾ ഒപ്പിടാൻ വരുമ്പോഴെങ്കിലും മാന്യമായ വസ്ത്രം ധരിക്കാനുള്ള മര്യാദ കാണിക്കണമെന്നും രേഖാ ഗുപ്ത പറഞ്ഞു. ഒരു സിറ്റിംഗ് എം.എൽ.എയ്ക്ക് ചേരാത്ത പ്രവൃത്തിയായതിനാൽ അനിൽ ഝായുടെ നിയമസഭാംഗത്വം റദ്ദാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എ.എ.പി അംഗങ്ങൾ സഭയിൽ ബഹളം വെക്കുകയും ഇതിനെത്തുടർന്ന് എട്ട് എ.എ.പി എം.എൽ.എമാരെ സ്പീക്കറുടെ നിർദ്ദേശപ്രകാരം സഭയ്ക്ക് പുറത്താക്കുകയും ചെയ്തു.
Story Summary
Delhi Chief Minister Rekha Gupta criticized AAP MLA Anil Jha Vats after a viral video showed him sitting in his vest and shorts while signing documents for constituents, including women, for the Delhi Lakshmi Yojana. Gupta termed it shameful and demanded the cancellation of his assembly membership, leading to an uproar where 8 AAP legislators were marshalled out of the House.




