
തിരുവനന്തപുരം: കാൻസർ രോഗികൾക്ക് ചികിത്സയ്‌ക്കൊപ്പം വേദനയും സമ്മർദവും കുറയ്ക്കുന്നതിന് വിവിധ ചികിത്സാ സമീപനങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ. മുരളീധരൻ (Health Minister K Muraleedharan). വിവിധ ചികിത്സാ സമ്പ്രദായങ്ങളിലെ അറിവുകളും രീതികളും രോഗികളുടെ ക്ഷേമത്തിനായി ശാസ്ത്രീയമായി സംയോജിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘ഇന്റർനാഷണൽ കോൺവർജൻസ് ഓൺ കോ-ഓപ്പറേറ്റീവ് ഓങ്കോളജി’ (ICCO 2026) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാൻസർ ചികിത്സയിൽ ശാരീരിക ആരോഗ്യത്തിനൊപ്പം രോഗിയുടെ മാനസിക ആശ്വാസത്തിനും വലിയ പ്രാധാന്യമുണ്ട്. ആയുർവേദത്തിലെ രസായന ചികിത്സയും അനുയോജ്യമായ ആഹാരക്രമവും കാൻസർ പരിചരണത്തിൽ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് ശാസ്ത്രീയമായി വിലയിരുത്തണം. സംസ്ഥാനത്തെ മികച്ച ആയുർവേദ പാരമ്പര്യവും ആധുനിക വൈദ്യശാസ്ത്രത്തിന്റെ നേട്ടങ്ങളും പരസ്പരപൂരകമായി ഉപയോഗിക്കുന്നത് വഴി മികച്ച കാൻസർ പരിചരണ മാതൃകകൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ആയുഷ് സർവകലാശാല രൂപീകരണവുമായി ബന്ധപ്പെട്ട് മേഖലയിലെ വിദഗ്ധരുടെ നിർദേശങ്ങൾ സ്വീകരിച്ച് മുന്നോട്ടുപോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ലോകാരോഗ്യ സംഘടനയുടെ (WHO) ഗ്ലോബൽ ട്രഡീഷണൽ മെഡിസിൻ സെന്ററിലെ വിദഗ്ധരടക്കം പങ്കെടുത്ത ചടങ്ങിൽ സംഘാടക സമിതി സെക്രട്ടറി ഡോ. നീനു പീറ്റർ സ്വാഗതവും ഡോ. ആനന്ദ് എസ്. അധ്യക്ഷതയും വഹിച്ചു.
Story Summary:
Health Minister K. Muraleedharan inaugurated ICCO 2026 in Thiruvananthapuram, emphasizing the need to integrate various medical systems, including Ayurveda and modern medicine, for holistic cancer care.




