
ന്യൂഡൽഹി: റൈഡ് ഷെയറിംഗ് ആപ്പുകളിൽ വാഹനം ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ യാത്രക്കാരോട് ‘ടിപ്പ്’ ആവശ്യപ്പെടുന്ന രീതിക്കെതിരെ കർശന നടപടിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. നിലവിലുള്ള നിയമപ്രകാരം ഇത്തരം നടപടികൾ അനുവദിക്കാനാകില്ലെന്ന് മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.(Center Bans Advance Tipping On Ride Hailing Apps Uber Ola Under Aggregator Rules)
വാഹനം ബുക്ക് ചെയ്യുന്ന വേളയിൽ യാത്രക്കാരിൽ നിന്ന് മുൻകൂറായി ടിപ്പ് ഈടാക്കാനുള്ള ഇത്തരം ഓപ്ഷനുകൾ ‘മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റർ ഗൈഡ്‌ലൈൻസ്’ ലംഘിക്കുന്നതാണെന്ന് കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ഇത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും ചൂഷണം ചെയ്യുന്നതുമാണെന്നും, 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
യാത്ര പൂർണ്ണമായി അവസാനിച്ചതിന് ശേഷം മാത്രമേ യാത്രക്കാരന് സ്വന്തം ഇഷ്ടപ്രകാരം ഡ്രൈവർക്ക് ടിപ്പ് നൽകാനുള്ള ഓപ്ഷൻ ആപ്പുകളിൽ കാണിക്കാൻ പാടുള്ളൂ എന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത് പൂർണ്ണമായും നിർബന്ധിതമല്ലാത്ത രീതിയിലായിരിക്കണം. “അഡ്വാൻസ് ടിപ്പ്”, “ആഡ്-ഓൺ തിരഞ്ഞെടുക്കുക”, “വേഗത്തിൽ വണ്ടി ലഭിക്കാൻ ടിപ്പ് നൽകുക” തുടങ്ങിയ സന്ദേശങ്ങൾ ബുക്കിംഗ് സമയത്ത് കാണിക്കാൻ പാടില്ല. ‘കൂടുതൽ പണം നൽകിയാൽ ഡ്രൈവർ വേഗം വരും’ എന്ന രീതിയിൽ യാത്രക്കാരിൽ സമ്മർദ്ദമുണ്ടാക്കുന്ന ഒരു ഫീച്ചറും ആപ്പുകളിൽ അനുവദിക്കില്ല.
യാത്ര തീരുന്നതിന് മുൻപ് അധിക തുക നൽകിയാൽ മികച്ച സേവനമോ കുറഞ്ഞ കാത്തിരിപ്പ് സമയമോ ലഭിക്കുമെന്ന ധാരണ പരത്തുന്ന പരസ്യങ്ങളും ഫീച്ചറുകളും പാടില്ല. മുൻപ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയും ഈ രീതി നിർത്തലാക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പല ആപ്പുകളും ഇത് തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ഗതാഗത മന്ത്രാലയം ഇപ്പോൾ കടുത്ത നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.
Story Summary
The Indian government has banned ride-hailing platforms from prompting passengers for advance tips during vehicle bookings, terming it a violation of the Motor Vehicle Aggregator Guidelines and the Consumer Protection Act. The Road Transport Ministry specified that tipping must remain entirely voluntary and options should only appear after the journey is fully completed.




