ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നടന്നു വരുന്ന പതിനഞ്ചാമത് ശ്രീമദ് ദേവിഭാഗവത നവാഹ യജ്ഞത്തിന്റെ അഞ്ചാം ദിവസത്തെ ചടങ്ങുകൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പൂർത്തിയായി. രാവിലെ ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് ശേഷമാണ് യജ്ഞവേദിയിൽ ശ്രീമദ് ദേവീഭാഗവത പാരായണവും പ്രഭാഷണവും ആരംഭിച്ചത്.
അഞ്ചാം ദിനത്തിൽ ഹൈഹയ ചരിതം മുതൽ ശുനഃശേപമോചനം വരെയുള്ള ഭാഗങ്ങളാണ് യജ്ഞവേദിയിൽ പാരായണം ചെയ്തത്. തുടർന്ന് കർക്കിടകത്തിലെ കറുത്തവാവിനോടനുബന്ധിച്ച് പതൃതർപ്പണ ചടങ്ങുകളുടെ ഭാഗമായി തിലഹവനവും വിശേഷാൽ പൂജകളും നടന്നു. എള്ളു പായസം, ഉണ്ടശർക്കര, എണ്ണ അഭിഷേകം എന്നിവയായിരുന്നു അഞ്ചാം ദിവസത്തെ പ്രധാന നിവേദ്യങ്ങൾ. ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാവിരുന്നുകളും ഒരുക്കിയിരുന്നു.
പെരുമ്പാവൂർ പട്ടിമറ്റം സി. ജെ. ആർ. പിള്ളയുടെ നേതൃത്വത്തിലാണ് യജ്ഞ പാരായണം നടക്കുന്നത്. നവാഹയജ്ഞ കമ്മിറ്റി പ്രസിഡന്റ് പി. ആർ. സുരേഷ് കുമാർ, സെക്രട്ടറി കൃഷ്ണകുമാർ കണ്ടേരി, ട്രഷറർ പി. വി. ഹരികൃഷ്ണൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
യജ്ഞത്തിന്റെ ആറാം ദിവസമായ വ്യാഴാഴ്ച ഹരിശ്ചന്ദ്ര ചരിതം മുതൽ ധ്രുവമണ്ഡല കഥനം വരെയുള്ള ഭാഗങ്ങളാണ് പാരായണം ചെയ്യുകയെന്ന് സംഘാടകർ അറിയിച്ചു.



