
തിരുവനന്തപുരം: എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകളിലെ തിരുത്തലുകൾ വരുത്തുന്നതിനും ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതിനും വലിയ രീതിയിൽ കാലതാമസം നേരിടുന്നു എന്ന അപേക്ഷകരുടെ വ്യാപക പരാതിയെ തുടർന്ന് പരീക്ഷാ ഭവനിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന്റെ മിന്നൽ പരിശോധന.(Education Minister Conducts Surprise Inspection At Pareeksha Bhavan)
സർട്ടിഫിക്കറ്റ് ആവശ്യങ്ങൾക്കായി രണ്ട് മുതൽ മൂന്ന് മാസം വരെ പൊതുജനങ്ങൾ കാത്തുനിൽക്കേണ്ടി വരുന്നു എന്ന യാഥാർത്ഥ്യം മനസ്സിലാക്കിയ മന്ത്രി, വിഷയത്തിൽ അതിവേഗം പരിഹാരം കാണാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. നിലവിൽ സ്കൂളുകളിലേക്ക് അപേക്ഷകൾ അയച്ച് വിവരങ്ങൾ തിരുത്തി വാങ്ങുന്നതിനാലാണ് ഇത്രയും സമയമെടുക്കുന്നതെന്ന് ജീവനക്കാർ മന്ത്രിയെ അറിയിച്ചു.
ഈ പരമ്പരാഗത രീതിക്ക് കാലാനുസൃതമായ മാറ്റം വരുത്താൻ നിർദ്ദേശിച്ച മന്ത്രി, നടപടികൾ ഡിജിറ്റലൈസ് ചെയ്യുന്നതിനായി പരീക്ഷാ ഭവനിലേക്ക് അടിയന്തരമായി 60 ലാപ്ടോപ്പുകൾ അനുവദിച്ചതായും വ്യക്തമാക്കി. അപേക്ഷകൾ ലഭിച്ചാൽ പരമാവധി 15 ദിവസത്തിനകം സർട്ടിഫിക്കറ്റുകൾ നൽകിയിരിക്കണം. ആളുകൾ കൂടുതൽ സമയം ക്യൂ നിൽക്കുന്നത് ഒഴിവാക്കാൻ കൗണ്ടറുകളിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കണം. ഈ നിർദ്ദേശങ്ങളെല്ലാം കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് നേരിട്ട് നിരീക്ഷിച്ചു റിപ്പോർട്ട് നൽകണമെന്നും, ഫലപ്രദമായ രീതിയിൽ ഒരു പുതിയ മാർഗ്ഗനിർദ്ദേശം തയ്യാറാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പരീക്ഷ ഭവൻ സെക്രട്ടറി അറിയിച്ചു.
Story Summary
The General Education Minister N Samsuddeen conducted a surprise inspection at Pareeksha Bhavan following complaints about delays in issuing and correcting SSLC certificates. He instructed officials to ensure certificate delivery within 15 days, provided 60 laptops to speed up the process, and directed to set up more counters and phone facilities for the public.




