യുഎഇയിൽ ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ ലഹരിമരുന്ന് ഇടപാടുകാരനായ വിരേന്ദർ സിങ് ബസോയയെയാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (NCB) നേതൃത്വത്തിൽ വിജയകരമായി ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. ലഹരിമരുന്ന് വ്യാപാരത്തിനെതിരെ രാജ്യത്ത് സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് ഈ വലിയ നാടുകടത്തൽ നടപടി പൂർത്തിയാക്കിയിരിക്കുന്നത് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ലഹരിവിരുദ്ധ പോരാട്ടത്തിലെ വിട്ടവീഴ്ചയില്ലാത്ത നയത്തിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലായാണ് ഈ അന്താരാഷ്ട്ര സഹകരണത്തെ വിലയിരുത്തുന്നത്.
യുഎഇയും ഇന്ത്യയും തമ്മിലുള്ള അന്വേഷണ, നിയമനടപടി സഹകരണം എത്രത്തോളം ശക്തമാണെന്ന് വിളിച്ചോതുന്നതാണ് ഈ സംഭവം. കുറ്റവാളികൾക്ക് വിദേശ മണ്ണിൽ ഇനി ഒളിത്താവളങ്ങൾ ഉണ്ടാകില്ലെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. നേരത്തെയും ഇന്ത്യൻ നിയമസംവിധാനത്തിന് ആവശ്യമായിരുന്ന നിരവധി പേരെ യുഎഇയിൽനിന്ന് ഇന്ത്യയിലെത്തിച്ചിരുന്നു.
ALSO READ;മുപ്പത് വർഷത്തെ ദുരൂഹത..! ടുപാക് ഷക്കൂറിന്റെ കൊലപാതകികളെ തേടി നിയമം, ‘കെഫ് ഡി’യുടെ വിചാരണ തുടങ്ങി
സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നേരിട്ടിരുന്ന രണ്ടുപ്രധാന പ്രതികളെയും കഴിഞ്ഞ മെയ് മാസത്തിൽ യുഎഇ അധികൃതർ ഇന്ത്യക്ക് കൈമാറിയിരുന്നു. കൊൽക്കത്ത ആസ്ഥാനമായുള്ള ശ്രീ ഗണേഷ് ജ്വല്ലറി ഹൗസ് തട്ടിപ്പ് കേസിലെ പ്രതി കമലേഷ് പരേഖ്, വ്യാജരേഖകളിലൂടെ പാസ്പോർട്ട് നേടി വഞ്ചന നടത്തിയ കേസിൽ ഉൾപ്പെട്ട ആലോക് കുമാർ എന്ന യശ്പാൽ സിങ് എന്നിവരെ ഇന്റർപോൾ റെഡ് നോട്ടിസിന്റെ സഹായത്തോടെ പിടികൂടി ഇന്ത്യയിലെത്തിച്ചത് വലിയ വാർത്തയായിരുന്നു.
ഇന്ത്യൻ, യുഎഇ അധികൃതർ തമ്മിലുള്ള ഈ ഉറ്റ സഹകരണത്തിന്റെ തുടർച്ചയാണ് ഇപ്പോൾ വിരേന്ദർ സിങ് ബസോയയുടെ അറസ്റ്റിലും നാടുകടത്തലിലും എത്തിനിൽക്കുന്നത്. സാമ്പത്തിക തട്ടിപ്പുകാരായാലും ലഹരിമരുന്ന് മാഫിയകളായാലും, രാജ്യത്തിന്റെ നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടാൻ ആർക്കും കഴിയില്ലെന്ന് ഇത്തരം ശക്തമായ നടപടികൾ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര തലത്തിലുള്ള ഈ സൗഹൃദവും ഒത്തൊരുമയും കുറ്റവാളികളുടെ ഉറക്കം കെടുത്തുകയാണെന്നതിൽ സംശയമില്ല.
The post വിദേശത്ത് ഒളിച്ചുകടന്ന ലഹരിമാഫിയ തലവൻ വലയിൽ; യുഎഇയുമായി കൈകോർത്ത് ഇന്ത്യയുടെ ‘മാസ് നീക്കം’ appeared first on Express Kerala.




