
ഭീകരവാദികൾ എവിടെ ചെന്ന് ഒളിച്ചാലും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന ശക്തമായ മുന്നറിയിപ്പുമായി രാഷ്ട്രപതി ദ്രൗപതി മുർമു. രാജ്യത്തിന്റെ ധീരതയ്ക്കുള്ള സൈനിക മെഡലുകൾ പ്രഖ്യാപിച്ചതിൽ കേരളത്തിന് അഭിമാനമായി മലയാളി സൈനിക ഉദ്യോഗസ്ഥൻ മേജർ തരുൺ വാസുദേവന് ശൗര്യചക്ര. ഇത്തവണ ആകെ 9 പേർക്ക് കീർത്തിചക്രയും, 7 പേർക്ക് മരണാന്തര ബഹുമതിയും, 19 പേർക്ക് ശൗര്യചക്രയുമാണ് രാഷ്ട്രപതി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷാ കരുത്തും പ്രതിരോധ നേട്ടങ്ങളും ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നതാണ് രാഷ്ട്രപതിയുടെ പ്രഖ്യാപനങ്ങൾ.
ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാർ ഒത്തുതീർപ്പുകളില്ലാതെ നിർത്തിവച്ചത് നിർണ്ണായകമായ ഒരു ദേശീയ സുരക്ഷാ തീരുമാനമാണെന്ന് രാഷ്ട്രപതി വ്യക്തമാക്കി. ഭീകര ശൃംഖലകൾക്കെതിരെ കൃത്യമായ പ്രഹരമേൽപ്പിക്കാൻ ഇന്ത്യൻ സായുധ സേനയ്ക്ക് കഴിഞ്ഞു എന്ന് തെളിയിക്കുന്നതാണ് ‘ഓപ്പറേഷൻ സിന്ദൂർ’. കൂടാതെ, ഇന്ത്യയെ പൂർണ്ണമായും നക്സൽ വിരുദ്ധമാക്കാൻ കഴിഞ്ഞത് രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ വലിയൊരു ദേശീയ നേട്ടമാണെന്നും അവർ എടുത്തുപറഞ്ഞു. രാഷ്ട്രനിർമ്മാണത്തിൽ സായുധ സേനകൾ, പൊലീസ് ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ, പ്രവാസി ഭാരതീയർ എന്നിവർ നൽകുന്ന സംഭാവനകൾ വലുതാണെന്നും അവർ ഓർമ്മിപ്പിച്ചു.
ALSO READ;മുപ്പത് വർഷത്തെ ദുരൂഹത..! ടുപാക് ഷക്കൂറിന്റെ കൊലപാതകികളെ തേടി നിയമം, ‘കെഫ് ഡി’യുടെ വിചാരണ തുടങ്ങി
സാമ്പത്തിക-ഡിജിറ്റൽ രംഗത്ത് രാജ്യം കൈവരിച്ച കുതിച്ചുചാട്ടങ്ങളും സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലുതും അത്യാധുനികവുമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യമാണ് ഇന്ത്യ വികസിപ്പിച്ചെടുത്തത്. ഇന്ന് ഗ്രാമങ്ങളിലെ ചെറിയ കടകളിൽ പോലും ഡിജിറ്റൽ പേയ്മെന്റുകൾ നടക്കുന്നുണ്ട്. ലോകത്തിലെ മൊത്തം തത്സമയ ഡിജിറ്റൽ ഇടപാടുകളുടെ പകുതിയിലധികവും ഇന്ത്യയിലാണ് നടക്കുന്നത്. പൗരന്മാരും സർക്കാരും ഒത്തുചേർന്ന് വലിയൊരു മാതൃകയാണ് ഇതിലൂടെ സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ദശകത്തിൽ നടപ്പിലാക്കിയ സമഗ്ര വികസന പദ്ധതികളിലൂടെ 25 കോടിയിലധികം ജനങ്ങളെയാണ് രാജ്യം ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയത്. സൗജന്യ റേഷൻ പദ്ധതിയിലൂടെ 80 കോടിയിലധികം ആളുകൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും സാധിക്കുന്നുണ്ട്.
2047 ഓടെ ഒരു വികസിത ഭാരതം കെട്ടിപ്പടുക്കാൻ ഇന്ത്യ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയ രാഷ്ട്രപതി, രാഷ്ട്രനിർമ്മാണത്തിൽ എല്ലാവരും പങ്കാളികളാകാൻ ആഹ്വാനം ചെയ്തു.
The post ഭീകരവാദികൾ എവിടെ ഒളിച്ചാലും വെറുതെ വിടില്ല! മലയാളി മേജർ തരുൺ വാസുദേവന് ശൗര്യചക്ര തിളക്കം appeared first on Express Kerala.




