
ഫോൺ ഉപയോഗിക്കുമ്പോൾ താൻ സ്വീകരിക്കുന്ന സൈബർ സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് തുറന്നുപറഞ്ഞ് തെലുങ്ക് സൂപ്പർതാരം നാഗാർജുന അക്കിനേനി. ഹൈദരാബാദിൽ തെലങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോയുടെ (ടി.ജി.സി.എസ്.ബി) ‘സുരക്ഷ കാ തിരംഗ’ സൈബർ ബോധവൽക്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ ഫോണിൽ വ്യക്തിപരമായ ചിത്രങ്ങളൊന്നും സൂക്ഷിക്കാറില്ലെന്നും ഹാക്കിങ് തടയാനായി പാസ്‌വേഡുകൾ ഇടയ്ക്കിടെ മാറ്റാറുണ്ടെന്നും താരം വെളിപ്പെടുത്തി.
തന്റെ ഫോൺ പാസ്‌വേഡുകൾ ഓരോ 15 ദിവസം കൂടുമ്പോഴും മാറ്റാറുണ്ടെന്ന് നാഗാർജുന പറഞ്ഞു. കൂടാതെ വീട്ടിലെ വൈഫൈ പാസ്‌വേഡ് ഓരോ മാസമോ രണ്ടു മാസം കൂടുമ്പോഴോ മാറ്റാറുമുണ്ട്. ഒരു സെലിബ്രിറ്റിയായ തനിക്ക് ഇത്രയധികം മുൻകരുതലുകൾ ആവശ്യമാണെങ്കിൽ, നിരപരാധികളായ മുതിർന്ന പൗരന്മാർക്ക് നേരെ സൈബർ കുറ്റവാളികൾ നടത്തുന്ന തട്ടിപ്പുകൾ ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:ചിരിപ്പൂരവുമായി നിവിൻ പോളി – ഗിരീഷ് എ.ഡി കൂട്ടുകെട്ട്; ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലർ പുറത്തിറങ്ങി
ഏകദേശം നാലുവർഷം മുമ്പ് തനിക്ക് വന്ന ഒരു തട്ടിപ്പ് ഫോൺ കോളിന് ശേഷമാണ് താൻ ഇത്രയധികം ജാഗ്രത പാലിക്കാൻ തുടങ്ങിയത്. ബാങ്ക് ഉദ്യോഗസ്ഥൻ ചമഞ്ഞ് ഓഹരി നിക്ഷേപത്തെക്കുറിച്ച് സംസാരിച്ച ആളിന്റെ പെരുമാറ്റം സംശയാസ്പദമായി തോന്നുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥൻ ചമഞ്ഞ്, ഇറാനിലേക്ക് താൻ മയക്കുമരുന്നുള്ള പാർസൽ അയച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി കോളുകൾ വന്നിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. കൂടാതെ, തന്റെ ഒരു ബന്ധുവിന് നേരിടേണ്ടി വന്ന ‘ഡിജിറ്റൽ അറസ്റ്റ്’ അനുഭവവും താരം പങ്കുവെച്ചു. സൈബർ ക്രൈം വിഭാഗത്തെ സമയോചിതമായി ബന്ധപ്പെട്ടതുകൊണ്ട് മാത്രമാണ് ആ ബന്ധു വലിയ തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ശേഖർ കമ്മുലയുടെ ‘കുബേര’, ലോകേഷ് കനകരാജിന്റെ ‘കൂലി’ എന്നീ ചിത്രങ്ങളിൽ നാഗാർജുന അഭിനയിച്ചിട്ടുണ്ട്. മകൻ അഖിൽ അക്കിനേനിയുടെ ‘ലെനിൻ’ എന്ന ചിത്രം നിർമ്മിച്ച അദ്ദേഹം, രാ കാർത്തിക് സംവിധാനം ചെയ്യുന്ന തന്റെ നൂറാമത്തെ ചിത്രത്തിന്റെ തിരക്കുകളിലാണ് ഇപ്പോൾ.
The post ഫോണിൽ ചിത്രങ്ങൾ സൂക്ഷിക്കാറില്ല, പാസ്‌വേഡ് 15 ദിവസത്തിലൊരിക്കൽ മാറ്റും; സൈബർ സുരക്ഷാ രഹസ്യം വെളിപ്പെടുത്തി നാഗാർജുന appeared first on Express Kerala.




