
ഇറ്റാനഗർ: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലും മിന്നൽപ്രളയത്തിലും അരുണാചൽ പ്രദേശിൽ നാല് തൊഴിലാളികൾ മരിച്ചതായി സംശയിക്കുകയും അഞ്ച് സൈനികരെ കാണാതാവുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് അപ്പർ സുബൻസിരി, ദിബാങ് വാലി ജില്ലകളിൽ ദുരന്തമുണ്ടായത്. (Arunachal Pradesh flood)
അപ്പർ സുബൻസിരിയിലെ കിയോജാരിങ്–ബ്യാചിങ് റോഡ് നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ നിരവധി തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടതായാണ് വിവരം. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി തിരച്ചിൽ തുടരുകയാണ്. അതേസമയം, ദിബാങ് വാലിയിലെ പാസു പാനി ആർമി ക്യാമ്പിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ 5-ാം ഗ്രനേഡിയറിന്റെ രണ്ട് താൽക്കാലിക ഷെൽട്ടറുകൾ ഒലിച്ചുപോയി. ഷെൽട്ടറിലുണ്ടായിരുന്ന ഏഴ് സൈനികരിൽ രണ്ടുപേരെ രക്ഷപ്പെടുത്തിയെങ്കിലും അഞ്ചുപേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. സമീപത്തെ സൈനിക പോസ്റ്റുകളിൽ നിന്നുള്ള വിവിധ രക്ഷാസംഘങ്ങൾ തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
അരുണാചലിൽ തുടരുന്ന കനത്ത മൺസൂൺ മഴ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. ഈ മാസം ആദ്യം സംസ്ഥാന ദുരന്തനിവാരണ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രളയവും മണ്ണിടിച്ചിലും മൂലം 235 റോഡുകൾ, 40 പാലങ്ങൾ, 75 കലുങ്കുകൾ, 373 കുടിവെള്ള പദ്ധതികൾ, 161 വൈദ്യുതി ലൈനുകൾ, 823 വൈദ്യുതി തൂണുകൾ ഉൾപ്പെടെ നിരവധി പൊതുസൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 66 ജലസേചന പദ്ധതികൾ, 122 സർക്കാർ കെട്ടിടങ്ങൾ, 41 സ്കൂളുകൾ, 12 ജലവൈദ്യുത പദ്ധതികൾ, 26 സംരക്ഷണഭിത്തികൾ, 16 പ്രളയ പ്രതിരോധ ഭിത്തികൾ എന്നിവയും തകർന്നതായി റിപ്പോർട്ടുണ്ട്.
കനത്ത മഴയും തുടർന്നുള്ള മണ്ണിടിച്ചിലും പ്രളയവും സംസ്ഥാനത്ത് ഇതുവരെ 10-ലധികം പേരുടെ മരണത്തിന് കാരണമായതായാണ് റിപ്പോർട്ട്. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനവും നാശനഷ്ടങ്ങളുടെ വിലയിരുത്തലും തുടരുകയാണ്.
Summary: Heavy monsoon rains triggered a landslide and flash flood in Arunachal Pradesh, leaving five Army personnel missing and four labourers feared dead. Rescue operations are underway in Upper Subansiri and Dibang Valley, while widespread damage to roads, bridges, power infrastructure and other public assets has been reported across the state.




