
ജക്കാർത്ത: ഇന്തോനേഷ്യയിൽ ശനിയാഴ്ച 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇതോടെ ഒരു ദിവസത്തിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ശക്തമായ ഭൂചലനമാണിത്. നേരത്തെ കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിന് സമീപം 7.7 തീവ്രതയുള്ള ഭൂചലനം ഉണ്ടായിരുന്നു (Indonesia Earthquake). 7.7 തീവ്രതയുള്ള ആദ്യ ഭൂചലനത്തിൽ കുറഞ്ഞത് 38 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേർക്ക് ഗുരുതര പരിക്കുകളും 11 പേർക്ക് നേരിയ പരിക്കുകളുമാണ് റിപ്പോർട്ട് ചെയ്തത്. ഏകദേശം 2,000 പേർ വീടുകളിൽനിന്ന് ഒഴിഞ്ഞുമാറി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. ഭൂചലനത്തെ തുടർന്ന് കെട്ടിടങ്ങൾ തകരുകയും മണ്ണിടിച്ചിലുണ്ടാകുകയും വൈദ്യുതി, ഗതാഗത, ആശയവിനിമയ സംവിധാനങ്ങൾ തടസ്സപ്പെടുകയും ചെയ്തു.
ആദ്യ ഭൂചലനത്തിന് പിന്നാലെ നിരവധി തുടർചലനങ്ങളും അനുഭവപ്പെട്ടു. ഫ്ലോറസ് മേഖലയിലുണ്ടായ 7.7 തീവ്രതയുള്ള ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നെങ്കിലും പിന്നീട് അത് പിൻവലിച്ചു. കാര്യമായ കടൽനിരപ്പ് വ്യതിയാനം രേഖപ്പെടുത്തിയില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്. പുതിയ 6.9 തീവ്രതയുള്ള ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടോയെന്ന വിവരങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണ്. രക്ഷാപ്രവർത്തനങ്ങൾക്കിടെയാണ് തുടർച്ചയായ ഭൂചലനങ്ങൾ ആശങ്ക വർധിപ്പിക്കുന്നത്.
ഭൂകമ്പസാധ്യത കൂടുതലുള്ള മേഖലയാണ് ഇന്തോനേഷ്യ. പസഫിക് റിങ് ഓഫ് ഫയർ മേഖലയിലാണ് രാജ്യം സ്ഥിതി ചെയ്യുന്നത് എന്നതിനാൽ ശക്തമായ ഭൂചലനങ്ങളും അഗ്നിപർവത പ്രവർത്തനങ്ങളും ഇവിടെ പതിവാണ്.
Summary: A magnitude 6.9 earthquake struck Indonesia on Saturday, marking the second strong earthquake in the country within a day. Earlier, a powerful 7.7-magnitude quake near Flores killed at least 38 people, injured 13 and forced around 2,000 residents to evacuate.




