
കൊച്ചി: കഴിഞ്ഞ 12 വർഷമായി അസഹനീയമായ ശരീരവേദന മൂലം ദുരിതമനുഭവിച്ച യുവതിയുടെ നട്ടെല്ലിൽ നിന്ന് വി.പി.എസ് ലേക്‌ഷോർ (VPS Lakeshore Kochi spine surgery) ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം ഗ്ലാസ് കഷണങ്ങൾ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കരുനാഗപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസറായ കൊല്ലം സ്വദേശിനി എസ്.ബി. മനുവിന്റെ (44) ശരീരത്തിൽ നിന്നാണ് മൂന്ന് സെന്റീമീറ്ററോളം വലിപ്പമുള്ള ത്രികോണാകൃതിയിലുള്ളവ ഉൾപ്പെടെയുള്ള മൂന്ന് ഗ്ലാസ് കഷണങ്ങൾ നീക്കം ചെയ്തത്.
സ്പൈൻ ആൻഡ് സ്കോളിയോസിസ് സർജറി വിഭാഗം ഡയറക്ടർ ഡോ. ആർ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് വിജയകരമായ ശസ്ത്രക്രിയ നടന്നത്. 12 വർഷം മുൻപ് എട്ട് മാസം ഗർഭിണിയായിരിക്കെ ടീപ്പോയിലെ ഗ്ലാസ് തകർന്നു വീണാണ് മനുവിന് പരിക്കേറ്റത്. അന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകിയെങ്കിലും ചില ഗ്ലാസ് കഷണങ്ങൾ ശരീരത്തിനുള്ളിൽ തന്നെ തുടരുകയായിരുന്നു.
പിന്നീട് വർഷങ്ങളോളം കടുത്ത വേദനയും ഉറക്കമില്ലായ്മയും അനുഭവിച്ച മനുവിന് കൃത്യമായ രോഗനിർണ്ണയം സാധ്യമാകാതിരുന്നതിനാൽ പലരും മാനസിക പ്രശ്നമാണെന്നുപോലും കരുതിയിരുന്നു. അടുത്തിടെ മറ്റൊരു ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മുഴ (Tumor) ആണെന്ന സംശയത്തിൽ വി.പി.എസ് ലേക്‌ഷോറിലെ ഡോ. കൃഷ്ണകുമാറിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ 3D സി.ടി സ്‌കാനിംഗിലാണ് നട്ടെല്ലിനോട് ചേർന്ന് കുടുങ്ങിക്കിടക്കുന്ന ഗ്ലാസ് കഷണങ്ങൾ കണ്ടെത്തിയത്.
ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതോടെ പതിറ്റാണ്ടിലേറെ നീണ്ട അസഹനീയമായ ദുരിതത്തിനാണ് അറുതിയായത്. റേഡിയോളജി, അനസ്തേഷ്യോളജി വിഭാഗങ്ങളിലെ വിദഗ്ധരും ശസ്ത്രക്രിയയിൽ പങ്കാളികളായി.
Story Summary:
Doctors at VPS Lakeshore Hospital in Kochi successfully removed 3 cm long glass pieces embedded near the spine of a 44-year-old woman, ending her 12-year struggle with unexplained pain.




