
രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നൽകി സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാറുടെ ഫേസ്ബുക്ക് പോസ്റ്റ്. കോർഡിനേറ്റർ സാബു ജേക്കബുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ‘ട്വന്റി 20’ പാർട്ടി വിട്ടതിന് പിന്നാലെയാണ് പുതിയ കുറിപ്പുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. തൻ്റെ ശബ്ദം ഇനി കുടുംബത്തിന് വേണ്ടി മാത്രം ഒതുക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.
തന്റെ പോസ്റ്റിൽ അഖിൽ മാരാർ പറയുന്നതിങ്ങനെ, “അവനവന് വേണ്ടിയല്ലാതെ അപരന് വേണ്ടി സംസാരിച്ച് ശത്രുക്കളെ ഉണ്ടാക്കിയ ആളാണ് ഞാൻ. ദിവസേന പല പ്രശ്നങ്ങൾ പറഞ്ഞ് വിളിക്കുന്ന കൊട്ടാരക്കരയിലെ നാട്ടുകാർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത മാത്രമാണ് അവിടെ മത്സരിക്കണമെന്ന് ചിന്തിപ്പിച്ചത്. എന്നാൽ ആ ചിന്ത പൂർണ്ണമായും ഉപേക്ഷിക്കുകയാണ്.”
Also Read:അമ്മ കരഞ്ഞു! ‘തുടക്കത്തിലൂടെ’ വില്ലനായി അരങ്ങേറിയതിനെക്കുറിച്ച് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ്
തുടർന്ന് താൻ നേരിട്ട രാഷ്ട്രീയ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. “അനാവശ്യമായി മറ്റുള്ളവർക്ക് വേണ്ടി സംസാരിച്ച് ഒരുപാട് പേരെ വെറുപ്പിച്ചു. നടൻ ദിലീപിന് വേണ്ടി പല തവണ എന്നെ വിളിച്ചിട്ടുള്ള നാദിർഷ, ദിലീപിന്റെ ജീവിതം തകർത്ത പി.ടി. തോമസിന്റെ ഭാര്യ മത്സരിക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വോട്ടർ ആയിട്ടു കൂടി എനിക്കൊരു ആശംസ പോലും നൽകിയില്ല. വേടന്റെ പ്രസ്താവനയെ എതിർത്തതോടെ ദളിത് സമൂഹം അനാവശ്യമായി എന്റെ ശത്രുവായി. എൻ.എസ്.എസിനെ എതിർത്ത് കെ.പി.എം.എസിന് വേണ്ടി സംസാരിച്ചതായിരുന്നു കോൺഗ്രസിലുണ്ടായിരുന്ന കാലത്ത് എനിക്ക് പുറത്തുപോകേണ്ടി വന്നതിന്റെ തുടക്കം. പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ പല തീരുമാനങ്ങളും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്ന് കണ്ടപ്പോൾ ശക്തമായി എതിർത്തു. അതിന്റെ പേരിൽ സർക്കാരിന്റെയും പാർട്ടിയുടെയും ശത്രുവായി,” എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
The post ‘അപരന് വേണ്ടി സംസാരിച്ച് ശത്രുക്കളെ ഉണ്ടാക്കി’; ട്വന്റി 20 വിട്ടതിന് പിന്നാലെ രാഷ്ട്രീയ നിരാശ പങ്കുവെച്ച് അഖിൽ മാരാർ appeared first on Express Kerala.




