തെലങ്കാനയിൽ സ്കൂൾ പ്രിൻസിപ്പലിന്റെ കൊലപാതകത്തിന് പിന്നിൽ സ്‌കൂൾ വിദ്യാർത്ഥികൾ; നിർണായക സൂചനയായി മാറിയത് ‘ബാബു’ എന്ന അവസാന വാക്ക് | Telangana principal murder

തെലങ്കാനയിൽ സ്കൂൾ പ്രിൻസിപ്പലിന്റെ കൊലപാതകത്തിന് പിന്നിൽ സ്‌കൂൾ വിദ്യാർത്ഥികൾ; നിർണായക സൂചനയായി മാറിയത് ‘ബാബു’ എന്ന അവസാന വാക്ക് | Telangana principal murder

Telangana principal murder

ഹൈദരാബാദ്: തെലങ്കാനയിലെ നൽഗൊണ്ടയിൽ സ്കൂൾ പ്രിൻസിപ്പലിനെ 27 തവണ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പത്താം ക്ലാസ് വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു (Telangana principal murder). പണത്തിനും ആഡംബര ജീവിതത്തിനുമായി നടത്തിയ ആസൂത്രിത കൊലപാതകമാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട കല്ലു രൂപ റെഡ്ഡി നൽഗൊണ്ടയിലെ കൊണ്ടമല്ലേപ്പള്ളി നാഗാർജുന പബ്ലിക് സ്കൂളിന്റെ പ്രിൻസിപ്പലും ഡയറക്ടറുമായിരുന്നു.

ഓഗസ്റ്റ് 12നാണ് രൂപ റെഡ്ഡിയെ വീട്ടിനുള്ളിൽ 27 കുത്തേറ്റ നിലയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൈദരാബാദിലായിരുന്ന ഭർത്താവ് പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഇവർ പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് അഞ്ച് പ്രത്യേക സംഘങ്ങളെ നിയോഗിച്ച് സിസിടിവി ദൃശ്യങ്ങൾ, വിരലടയാളങ്ങൾ, ഫോറൻസിക് തെളിവുകൾ, സാങ്കേതിക വിവരങ്ങൾ എന്നിവ പരിശോധിക്കുകയും 80ലേറെ പേരെ ചോദ്യം ചെയ്യുകയും ചെയ്തു.

അന്വേഷണത്തിന് വഴിത്തിരിവായത് ‘ബാബു’

രൂപ റെഡ്ഡി മരണത്തിന് തൊട്ടുമുമ്പ് അമ്മായിയുമായി നടത്തിയ ഫോൺ സംഭാഷണമാണ് കേസിൽ നിർണായക വഴിത്തിരിവായത്. ഫോൺ സ്വിച്ച് ഓഫ് ആകുന്നതിന് മുമ്പ് അവർ പറഞ്ഞ അവസാന വാക്ക് ‘ബാബു’ എന്നായിരുന്നു. ഈ വാക്ക് ആരെ ഉദ്ദേശിച്ചാണെന്ന് അന്വേഷിച്ച പൊലീസ് ഒടുവിൽ സ്കൂളിലെ വിദ്യാർഥികളിലേക്കാണ് എത്തിയത്. തുടർന്ന് വിദ്യാർഥികളെ ഓരോരുത്തരായി ചോദ്യം ചെയ്തപ്പോൾ, പത്താം ക്ലാസിലെ അഞ്ച് വിദ്യാർഥികൾ സ്കൂളിൽ ഹാജരാകാത്തതായി കണ്ടെത്തി. ഇവരിൽ രണ്ട് വിദ്യാർഥികൾ അടുത്ത ദിവസങ്ങളിൽ അമിതമായി പണം ചെലവഴിക്കുന്നതായും സുഹൃത്തുക്കൾക്കായി പാർട്ടികൾ നടത്തുന്നതായും പൊലീസ് കണ്ടെത്തി. ഇതോടെ സംശയം ശക്തമായതിനെ തുടർന്ന് ബുധനാഴ്ച രാവിലെ ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ രൂപ റെഡ്ഡിയെ കൊലപ്പെടുത്തിയതായി ഇരുവരും സമ്മതിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ശരത് ചന്ദ്ര പവാർ അറിയിച്ചു.

പ്രിൻസിപ്പലിനോടുള്ള പകയും മോഷണപദ്ധതിയും

പ്രിൻസിപ്പൽ നേരത്തെ ഈ വിദ്യാർഥികളെ ശാസിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. അവരുടെ ഹോസ്റ്റൽ ബാഗുകളിൽ പണവും മൊബൈൽ ഫോണും കണ്ടെത്തിയതിനെ തുടർന്ന് രൂപ റെഡ്ഡി മാതാപിതാക്കളെ വിവരം അറിയിക്കുകയും വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്ന് മാറ്റി ഡേ-സ്കോളർ ആക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നുണ്ടായ വിരോധം കൊലപാതകത്തിനുള്ള കാരണങ്ങളിലൊന്നായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.
കൊലപാതകത്തിന് അഞ്ച് ദിവസം മുമ്പ് തന്നെ വിദ്യാർഥികൾ പദ്ധതി തയ്യാറാക്കി രൂപ റെഡ്ഡിയുടെ വീട്ടിൽ നിരീക്ഷണം നടത്തിയിരുന്നു. തിരിച്ചറിയാതിരിക്കാൻ കയ്യുറകളും കത്തിയും വാങ്ങി. സംഭവദിവസം ഇവരിൽ ഒരാൾ കയ്യുറയും മങ്കി ക്യാപ്പും ധരിച്ച് വീട്ടിൽ കയറി. കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 2.50 ലക്ഷം രൂപ കണ്ടെത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മങ്കി ക്യാപ്പ് ഊരിവീണു. തന്നെ തിരിച്ചറിഞ്ഞതോടെ പ്രതി ഭയന്ന് രൂപ റെഡ്ഡിയെ കത്തി ഉപയോഗിച്ച് 27 തവണ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

See also  എരുമയെയും ബൈക്കിനെയും ചൊല്ലി തർക്കം; ഭാര്യയെ കൊന്ന് കഷണങ്ങളാക്കി ഉപേക്ഷിച്ച ഭർത്താവിന് ജീവപര്യന്തം

കൊലപാതകത്തിന് ശേഷം രക്തം പുരണ്ട വസ്ത്രങ്ങളും മങ്കി ക്യാപ്പും കുഴിച്ചുമൂടി തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. മോഷ്ടിച്ച പണം ഉപയോഗിച്ച് ഇരുവരും ഗോവയിലേക്ക് യാത്ര പോയതായും അന്വേഷണത്തിൽ കണ്ടെത്തി. പ്രതികളിൽ നിന്ന് 1.54 ലക്ഷം രൂപ, അവർ വാങ്ങിയ ഐഫോൺ, രൂപ റെഡ്ഡിയുടെ മൊബൈൽ ഫോൺ എന്നിവ പൊലീസ് കണ്ടെടുത്തു. കൊലപാതകത്തിന് മുമ്പ് വേഗത്തിൽ പണം സമ്പാദിക്കാനുള്ള മാർഗങ്ങൾ സംബന്ധിച്ച വീഡിയോകളും പ്രതികൾ ഓൺലൈൻ വീഡിയോ പ്ലാറ്റ്‌ഫോമിൽ തിരഞ്ഞിരുന്നതായി പൊലീസ് അറിയിച്ചു. പണത്തോടുള്ള ആഗ്രഹം, പ്രിൻസിപ്പലിനോടുള്ള വിരോധം, മുൻകൂട്ടി നടത്തിയ ആസൂത്രണം എന്നിവ ഒത്തുചേർന്നാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Summary: Two Class 10 students have been arrested for allegedly murdering Telangana school principal Kallu Roopa Reddy, who was stabbed 27 times during a planned robbery. Police say the investigation got a crucial lead from the victim’s final word, “Babu”, which helped them focus on students at her school.

Spread the love
Scroll to Top