റഷ്യൻ തലസ്ഥാനമായ മോസ്കോ ലക്ഷ്യമാക്കി യുക്രൈൻ നടത്തിയ വൻ ഡ്രോൺ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നഗരത്തിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു. റഷ്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യോമാക്രമണങ്ങളിലൊന്നായ ഇതിൽ മോസ്കോയിലെ പൊഡോൾസ്കിലുള്ള പ്രശസ്ത ഇ-കൊമേഴ്‌സ് സ്ഥാപനമായ വൈൽഡ്ബെറീസ് ലോജിസ്റ്റിക്സിന്റെ ഗോഡൗണിൽ വൻ തീപ്പിടുത്തമുണ്ടായി. ഗോഡൗണിൽ നിന്നുയർന്ന കറുത്ത പുക നഗരത്തിലാകെ വ്യാപിച്ചതിന്റെ ദൃശ്യങ്ങൾ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഈ ആക്രമണത്തിൽ റോസ്തോവ് മേഖലയിൽ അഞ്ച് പേരും മോസ്കോയിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്. ദോമോദെദോവോയിലെ ഒരു മരുന്ന് നിർമാണ കമ്പനിയുടെ ഗോഡൗണിലും വോസ്ക്രസെൻസ്‌കിലെ വ്യവസായ കേന്ദ്രത്തിലും വ്യോമാക്രമണത്തെത്തുടർന്ന് കനത്ത തീപ്പിടുത്തമുണ്ടായിട്ടുണ്ട്. ആക്രമണത്തിൽ നിരവധി വീടുകളും തകർന്നിട്ടുണ്ട്. റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഏകദേശം 822 യുക്രൈൻ ഡ്രോണുകൾ റഷ്യൻ സൈന്യം വെടിവെച്ചിട്ടതായി മോസ്കോ മേയർ സെർജി സോബിയാനിൻ വ്യക്തമാക്കി.
ALSO READ;‘അമേരിക്കൻ സൈനികരെ കൊല്ലുന്നവർക്ക് 30,000 ഡോളർ പ്രതിഫലം’! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇറാൻ സൈനിക കമാൻഡർ
യുക്രൈന്റെ ഈ കനത്ത ആക്രമണത്തിന് മറുപടിയായി റഷ്യൻ സൈന്യം കീവ്, ക്രിവി റിഹ്, സുമി തുടങ്ങിയ യുക്രൈൻ നഗരങ്ങളിലും ശക്തമായ വ്യോമാക്രമണങ്ങൾ അഴിച്ചുവിട്ടു. ഈ പ്രത്യാക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രൈൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്‌കിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ, റൊമാനിയൻ വ്യോമാതിർത്തിയിൽ അനധികൃതമായി പ്രവേശിച്ച ഒരു ഡ്രോൺ സ്പാനിഷ് സൈന്യം വെടിവെച്ചിട്ടതായും റൊമാനിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ ഇത് ഏത് രാജ്യത്തിന്റേതാണെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല.
റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ തീവ്രത പ്രാപ്തമാക്കുന്ന രീതിയിലുള്ള ഈ ഡ്രോൺ ആക്രമണങ്ങൾ അന്താരാഷ്ട്ര തലത്തിൽത്തന്നെ വലിയ ആശങ്കകളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ ഭീകരമായ അവസ്ഥയിലേക്ക് നീങ്ങുന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ സംഭവങ്ങൾ നൽകുന്നത്.
The post റഷ്യയെ വിറപ്പിച്ച് 800-ലധികം ഡ്രോൺ ആക്രമണം; തലസ്ഥാനത്ത് വൻ തീപ്പിടുത്തവും മരണവും! appeared first on Express Kerala.




