
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനിടെ, വിഷയത്തിൽ നിലപാട് കടുപ്പിക്കാതെ സിപിഐ. തിരുവനന്തപുരത്ത് ചേർന്ന എൽഡിഎഫ് യോഗത്തിൽ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം സിപിഐ ഉന്നയിച്ചില്ല (LDF Opposition Deputy Leader).
പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച വിഷയം എൽഡിഎഫിന്റെ പൊതുഅജണ്ടയല്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാട്. ഇക്കാര്യം സിപിഎമ്മും സിപിഐയും തമ്മിൽ ചർച്ച ചെയ്ത് പരിഹരിക്കേണ്ട ഉഭയകക്ഷി വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങൾ നേരിടുന്ന വിവിധ പ്രധാന വിഷയങ്ങളാണ് എൽഡിഎഫ് യോഗത്തിൽ ചർച്ച ചെയ്തതെന്ന് മുന്നണി കൺവീനർ ടി.പി. രാമകൃഷ്ണനും അറിയിച്ചു. ഉപനേതൃസ്ഥാനത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാട് കഴിഞ്ഞ ദിവസങ്ങളിലും സിപിഐ ആവർത്തിച്ചിരുന്നു.
എന്നാൽ എൽഡിഎഫ് യോഗത്തിൽ വിഷയം ഉന്നയിക്കാതിരുന്നത് സിപിഐ നിലപാടിൽ മാറ്റത്തിന്റെ സൂചനയാണോ എന്ന ചർച്ചകളും രാഷ്ട്രീയരംഗത്ത് സജീവമാണ്. വിഷയത്തിൽ സിപിഎമ്മും സിപിഐയും തമ്മിലുള്ള ചർച്ചകൾ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
Story Summary: The CPI did not raise its demand for the Opposition Deputy Leader post at the latest LDF meeting in Thiruvananthapuram. CPI state secretary Binoy Viswam said the matter should be resolved through bilateral discussions between the CPI and CPM.




