
കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ ഉത്തരവും വിലക്കും മറികടന്ന് പാലയാട് ക്യാമ്പസ് വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ എസ്.എഫ്.ഐ പരിപാടി സംഘടിപ്പിച്ചു (Kannur University SFI She Fest). യൂണിയൻ സംഘടിപ്പിച്ച ‘ഷീ ഫെസ്റ്റ്’ ഉദ്ഘാടനം ചെയ്യുന്നതിനായി എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് ക്യാമ്പസിലെത്തി.
മുൻകൂർ അനുമതി വാങ്ങിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വി.സി പരീക്ഷണാടിസ്ഥാനത്തിൽ പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നത്. എന്നാൽ ഐഷി ഘോഷ് പങ്കെടുക്കുന്നതു കൊണ്ടാണ് വി.സി അനുമതി നിഷേധിച്ചതെന്നും സർവ്വകലാശാലയുടേത് ആർ.എസ്.എസ് അനുകൂല നിലപാടാണെന്നും എസ്.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസ് ആരോപിച്ചു. വിലക്ക് നിലനിൽക്കെത്തന്നെ നിശ്ചയിച്ച സെമിനാർ ഹാളിൽ വിദ്യാർത്ഥികൾ പരിപാടി സംഘടിപ്പിക്കുകയായിരുന്നു.
പരിപാടിയിൽ സംസാരിച്ച ഐഷി ഘോഷ് വൈസ് ചാൻസലർക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. പരിപാടി നടക്കുന്നത് ആർ.എസ്.എസ് ശാഖയിലോ നാഗ്പൂരിലോ അല്ലെന്നും വിദ്യാർത്ഥികളുടെ സ്വന്തം ക്യാമ്പസിലാണെന്നും അവർ പറഞ്ഞു. വിഷയത്തിൽ തുറന്ന സംവാദത്തിന് വി.സിയെ അവർ ക്ഷണിക്കുകയും ചെയ്തു. വി.സിയുടെ വിലക്ക് ലംഘിച്ച് പരിപാടി നടത്തിയ സംഭവത്തിൽ സംഘാടകരായ വിദ്യാർത്ഥികളോട് വിശദീകരണം തേടാനാണ് സർവകലാശാല അധികൃതരുടെ തീരുമാനം.
Story Summary:
SFI conducted its ‘She Fest’ at the Kannur University Palayad campus despite a ban by the Vice Chancellor, with Aishi Ghosh inaugurating the event and criticizing the VC’s stance.




