
ആംസ്റ്റൽവീൻ: എഫ്.ഐ.എച്ച് പുരുഷ ഹോക്കി ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. പൂൾ ഡിയിൽ നടന്ന പോരാട്ടത്തിൽ ഇംഗ്ലണ്ട് രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഇന്ത്യയെ തോൽപ്പിച്ചു (India vs England Hockey World Cup 2026). ഇംഗ്ലണ്ടിനായി നിക്കോളാസ് ബന്ദൂറക്ക് ഇരട്ട ഗോൾ നേടിയപ്പോൾ സ്റ്റുവർട്ട് റുഷ്മെരെ, ഹെന്റി ക്രോഫ്റ്റ് എന്നിവർ ഓരോ ഗോൾ വീതം നേടി. ഇന്ത്യക്കായി ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗും ദിൽപ്രീത് സിംഗും ലക്ഷ്യം കണ്ടു.
മത്സരത്തിന്റെ 14-ാം മിനിറ്റിൽ നിക്കോളാസ് ബന്ദൂറയിലൂടെ ഇംഗ്ലണ്ടാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാം ക്വാർട്ടറിൽ ശക്തമായി തിരിച്ചടിച്ച ഇന്ത്യ 17-ാം മിനിറ്റിൽ പെനാൽറ്റി കോർണറിലൂടെ ഹർമൻപ്രീത് സിംഗിന്റെ ഗോളിൽ ഒപ്പമെത്തി. തുടർന്ന് 25-ാം മിനിറ്റിൽ ദിൽപ്രീത് സിംഗ് ഗോൾ നേടിയതോടെ ആദ്യ പകുതിയിൽ ഇന്ത്യ 2-1ന് ലീഡ് നേടി.
എന്നാൽ രണ്ടാം പകുതിയിൽ മത്സരം ഇംഗ്ലണ്ട് കൈപ്പിടിയിലൊതുക്കി. 39-ാം മിനിറ്റിൽ സ്റ്റുവർട്ട് റുഷ്മെരെയിലൂടെ സമനില പിടിച്ച ഇംഗ്ലണ്ട്, 43-ാം മിനിറ്റിൽ ഹെന്റി ക്രോഫ്റ്റിന്റെ ഗോളിലൂടെ വീണ്ടും ലീഡെടുത്തു. തുടർന്ന് 55-ാം മിനിറ്റിൽ പെനാൽറ്റി കോർണറിലൂടെ ബന്ദൂറ ഇംഗ്ലണ്ടിന്റെ വിജയം ഉറപ്പിച്ചു. തോൽവിയോടെ രണ്ടാം റൗണ്ട് പ്രവേശനത്തിനായി ബുധനാഴ്ച പാകിസ്താനെതിരെ നടക്കാനിരിക്കുന്ന മത്സരം ഇന്ത്യയ്ക്ക് അത്യന്തം നിർണ്ണായകമായി.
Story Summary: India lost 2-4 to England in their second Pool D match at the FIH Hockey World Cup in Amstelveen despite leading 2-1 at half-time, making their final pool match against Pakistan crucial.




