
അബുദാബി, ഫുജൈറ റെയിൽവേ സ്റ്റേഷനുകളിൽ ഇറങ്ങുന്ന ഇത്തിഹാദ് റെയിൽ യാത്രക്കാർക്കായി പുതിയ ‘റെയിൽ ടു റോഡ്’ കാർ വാടക സേവനത്തിന് തുടക്കമായി. പ്രമുഖ കാർ റെന്റൽ കമ്പനിയായ ‘ത്രിഫ്റ്റി’യുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രതിദിനം 80 ദിർഹം മുതൽ 200 ദിർഹം വരെയുള്ള താങ്ങാനാവുന്ന നിരക്കുകളിൽ യാത്രക്കാർക്ക് കാറുകൾ ലഭ്യമാകും. പ്രത്യേകം സെക്യൂരിറ്റി ഡെപ്പോസിറ്റോ, വാഹനം മടക്കി നൽകുന്നതിന് മുൻപ് ഇന്ധനം നിറയ്ക്കേണ്ട ബാധ്യതയോ ഇല്ലാതെ തന്നെ യാത്രക്കാർക്ക് ഈ സേവനം ഉപയോഗപ്പെടുത്താം എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം.
ഓരോ പാക്കേജിനൊപ്പവും ഇന്ധനച്ചെലവും 60 കിലോമീറ്റർ വരെയുള്ള സൗജന്യ ഡ്രൈവിംഗ് പരിധിയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ദൂരം സഞ്ചരിക്കണമെങ്കിൽ അധിക തുക നൽകി പരിധി ഉയർത്താം. ട്രെയിൻ സമയത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ബാധിക്കാത്ത രീതിയിൽ 24 മണിക്കൂർ അടിസ്ഥാനത്തിലാണ് റെന്റൽ കാലാവധി കണക്കാക്കുന്നത്. യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മുൻകൂട്ടിയോ അല്ലെങ്കിൽ സ്റ്റേഷനിൽ എത്തിയ ശേഷമോ വാഹനങ്ങൾ ബുക്ക് ചെയ്യാൻ സാധിക്കും. സാധാരണയായി കാർ എടുത്ത സ്റ്റേഷനിൽ തന്നെ വാഹനം തിരികെ നൽകണമെങ്കിലും, ചെറിയൊരു അധിക തുക നൽകി യുഎഇയിലെ മറ്റ് ത്രിഫ്റ്റി കേന്ദ്രങ്ങളിലും വാഹനം ഏൽപ്പിക്കാനാകും.
Also Read: യാചിക്കരുത്, നല്ല പണികിട്ടും..! ഉംറ തീർത്ഥാടകർക്ക് കടുത്ത മുന്നറിയിപ്പുമായി പാകിസ്ഥാൻ എംബസി
ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക ബുക്കിംഗ് ആപ്പ് വഴി ടിക്കറ്റെടുക്കുമ്പോൾ തന്നെ കാർ റെന്റൽ സേവനവും തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. യാത്രക്കാരുടെ കണക്റ്റിവിറ്റി കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായി അഞ്ച് വർഷത്തെ പങ്കാളിത്ത കരാറാണ് ഇരു കമ്പനികളും തമ്മിൽ ഒപ്പുവെച്ചിരിക്കുന്നത്. ഇതിനായി ഏകദേശം 500-ഓളം കാറുകളുടെ വിശാലമായ ശൃംഖല സ്റ്റേഷനുകളിൽ സജ്ജമാക്കുമെന്നും അധികൃതർ അറിയിച്ചു.
The post ഇനി ട്രെയിൻ ഇറങ്ങി ടാക്സിക്കായി കാത്തുനിൽക്കേണ്ട; ഇത്തിഹാദ് റെയിലിന്റെ ‘റെയിൽ ടു റോഡ്’ സേവനം! appeared first on Express Kerala.




