
പൂനെ: മഹാരാഷ്ട്രയിലെ പൂനെ ജുന്നാർ താലൂക്കിൽ നാടിനെ നടുക്കി ഒമ്പതുവയസ്സുകാരിക്ക് നേരെയുണ്ടായ ദാരുണാതിക്രമം. നാലാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ വീട്ടിനുള്ളിൽ നിന്ന് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ശേഷം ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി മൃതദേഹം ഓവുചാലിൽ തള്ളിയ സംഭവത്തിൽ അയൽവാസിയായ 25-കാരൻ സഹിൽ ഖേരെയെ പോലീസ് അറസ്റ്റ് ചെയ്തു. ജുന്നാറിലെ പിംപൾവാഡി ഗ്രാമത്തിലാണ് ഈ സംഭവം അരങ്ങേറിയത്.
അസുഖബാധിതയായതിനാൽ പെൺകുട്ടി സംഭവദിവസം സ്കൂളിൽ പോയിരുന്നില്ല. കർഷകരായ മാതാപിതാക്കൾ ജോലിക്ക് പോയ സമയം നോക്കി വീട്ടിലെത്തിയ പ്രതി കുട്ടിയെ തന്ത്രപൂർവം തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് വിജനമായ സ്ഥലത്തുവെച്ച് കുട്ടിയെ പീഡനത്തിനിരയാക്കുകയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. വൈകുന്നേരം വീട്ടിലെത്തിയ മാതാപിതാക്കൾ കുട്ടിയെ കാണാത്തതിനെ തുടർന്ന് പോലീസിലും നാട്ടുകാരിലും വിവരമറിയിച്ചു. തുടർന്ന് നടന്ന തിരച്ചിലിൽ, ഒന്നും അറിയാത്ത ഭാവത്തിൽ പ്രതിയും പോലീസിനും നാട്ടുകാർക്കുമൊപ്പം ചേർന്ന് നാടകീയമായി തിരച്ചിൽ നടത്തിയത് നാട്ടുകാരെയും പോലീസിനെയും വഞ്ചിക്കാനായിരുന്നു.
Also Read: കരുവാറ്റയിൽ കണ്ടത് കേരള പൊലീസിൻ്റെ മികവ്, സിനിമാ മോഡൽ ക്രൈം ചെയ്തവർ കുടുങ്ങിയത് ടീം യതീഷ് ചന്ദ്രയുടെ നീക്കത്തിൽ !
എന്നാൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് കേസിൽ വലിയ വഴിത്തിരിവായത്. അസ്വാഭാവിക സാഹചര്യത്തിൽ പ്രദേശത്തു കൂടെ സാബിൽ ഖൈറാൻ സൈക്കിളോടിച്ചു പോകുന്ന ദൃശ്യങ്ങൾ പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ക്രൂരകൃത്യത്തിന്റെ ചുരുളഴിഞ്ഞത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി, ഒഴിഞ്ഞയിടത്തെ മരത്തിനു കീഴിലുള്ള ഓവുചാലിൽ തള്ളിയ നിലയിൽ കുട്ടിയുടെ മൃതദേഹം കാട്ടിക്കൊടുത്തു.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് വൻ ജനരോഷമാണ് ഇരമ്പിയർത്തത്. പ്രതിക്ക് ഉടൻ വധശിക്ഷ ഉറപ്പാക്കണമെന്നും വിചാരണ അതിവേഗ കോടതിയിൽ നടത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും ബന്ധുക്കളും പൂനെ-നാസിക് ഹൈവേ ഉപരോധിച്ചു. പോലീസ് സ്ഥലത്തെത്തി കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള കർശന വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
The post പിഞ്ചുകുഞ്ഞിന് നേരെ അതിക്രമം, ഒമ്പതുകാരിയെ പീഡിപ്പിച്ചു കൊന്ന് ഓവുചാലിൽ തള്ളി; അയൽവാസി സിസിടിവിയിൽ കുടുങ്ങി appeared first on Express Kerala.




