ഗുജറാത്തിലെ ഭാവ്നഗറിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ നാലുപേർ മരിക്കുകയും നിരവധി പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഓഗസ്റ്റ് 18- ന് രാത്രി ഘോഘ താലൂക്കിലെ ഖരാദി ഗ്രാമത്തിൽ സുഹൃത്തുക്കൾ ചേർന്ന് നടത്തിയ മദ്യസൽക്കാരത്തിനിടെയാണ് ദുരന്തമുണ്ടായത്. മദ്യപിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യക്കുപ്പികളടങ്ങിയ 15 പെട്ടികളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
നിലവിൽ 20 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. ഇതിൽ 12 പേർ ഭാവ്നഗർ സിറ്റി ആശുപത്രിയിലും, അഞ്ചുപേർ ആരോഗ്യാം ആശുപത്രിയിലും, ഒരാൾ ബിഐഎംഎസ് ആശുപത്രിയിലും, രണ്ടുപേർ വേദ് ഐസിയുവിലുമാണ് ചികിത്സയിലുള്ളത്. പ്രത്യേക മെഡിക്കൽ സംഘം ഇവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കിവരികയാണ്. വ്യാജമദ്യ സാമ്പിളുകൾ ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
Also Read:100 ദിവസത്തെ മാസ്സ് ഭരണം, എതിരാളികളും ഞെട്ടി! വിജയ്യെ പ്രധാനമന്ത്രിയാക്കാൻ നീക്കങ്ങളുമായി ടിവികെ;2029-ൽ വിജയ് പ്രധാനമന്ത്രിയാകുമോ?
ഭാവ്നഗർ, മധ്യപ്രദേശ് സ്വദേശികൾ ചേർന്നാണ് വ്യാജമദ്യ വിൽപന നടത്തിയിരുന്നതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. വ്യാജമദ്യം ഉൽപാദിപ്പിച്ച് വിലകൂടിയ ബ്രാൻഡുകളുടെ കുപ്പികളിൽ നിറച്ചാണ് ഇവർ വിപണനം നടത്തിയിരുന്നത്. കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി പ്രതികൾ വ്യാജമദ്യം വിതരണം ചെയ്തുവന്നിരുന്നുവെന്ന് പൊലീസ് അറിയിച്ചു. എത്ര കുപ്പി മദ്യം വിറ്റഴിച്ചു, എവിടെയൊക്കെ വിതരണം ചെയ്തു എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്. മദ്യനിരോധനം കർശനമായി നിലനിൽക്കുന്ന ഗുജറാത്തിലാണ് ഈ ദാരുണ സംഭവം നടന്നിരിക്കുന്നത്.
The post ഗുജറാത്തിൽ വ്യാജമദ്യ ദുരന്തം; മദ്യസൽക്കാരത്തിനിടെ നാലുപേർ മരിച്ചു, 20 പേർ ചികിത്സയിൽ! appeared first on Express Kerala.




