
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഇന്ത്യൻ സൈന്യത്തിനുമെതിരേ നടത്തിയ വിവാദ പരാമർശങ്ങളിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവാ മൊയിത്രയ്‌ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് രാഷ്ട്രീയ കേരളത്തിലും ദേശീയ തലത്തിലും വലിയ ചർച്ചയായിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ കോടതിയാണ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജനശ്രദ്ധ ആകർഷിച്ച ഈ സംഭവത്തിൽ നിയമനടപടികൾ കടുത്തിരിക്കുകയാണ്.
കഴിഞ്ഞ ജൂൺ മാസം പന്ത്രണ്ടാം തീയതിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഇന്ത്യൻ സൈന്യത്തിനുമെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയത്. ഇതിനെത്തുടർന്ന് സാമുദായികമൈത്രി തകർത്തെന്നും ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്തിയെന്നും ആരോപിച്ചുകൊണ്ട് ജൂൺ പതിനേഴാം തീയതി മഹുവയ്‌ക്കെതിരെ കൃഷ്ണനഗർ ജില്ലാ കോടതിയിൽ കേസ് രജിസ്റ്റർ ചെയ്യപ്പെടുകയായിരുന്നു.
ALSO READ;ശരീരത്തിൽ ക്യാമറ, ഫേസ്‍ബുക്കിലൂടെ ലൈവ്..! സഹപാഠിയെ വെടിവച്ചു കൊന്ന് ഒൻപതാം ക്ലാസുകാരൻ
കോടതി നടപടികളുടെ ഭാഗമായി ഹാജരാകാൻ ആവശ്യപ്പെട്ട് ഒന്നിലധികം സമൻസുകൾ അയച്ചിട്ടും മഹുവ മൊയിത്ര കോടതിയിൽ ഹാജരാകാൻ തയ്യാറായിരുന്നില്ല. ഓഗസ്റ്റ് 18-ന് നിർബന്ധമായും ഹാജരകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അന്നും അവർ കോടതിയിൽ എത്തിയിരുന്നില്ല. തുടർന്ന് ഹാജരാകാനുള്ള സമയം ഓഗസ്റ്റ് പത്തൊൻപതാം തീയതി വൈകിട്ട് അഞ്ചുമണി വരെ കോടതി നീട്ടിനൽകിയിരുന്നു. എന്നാൽ അപ്പോഴും ഹാജരാകാതെ വന്നതോടെയാണ് കോടതി കർശന നടപടിയായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
തുടർച്ചയായ സമൻസുകളെ അവഗണിച്ചതിനെ തുടർന്നുണ്ടായ ഈ അറസ്റ്റ് വാറണ്ട് നീക്കം രാഷ്ട്രീയ രംഗത്ത് വൻ കോലാഹലത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ഈ കേസ് എങ്ങോട്ടേക്ക് വഴിമാറുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകരും പൊതുജനങ്ങളും.
The post പെട്ടു..! അമിത് ഷായ്ക്കും സൈന്യത്തിനുമെതിരായ പരാമർശം; മഹുവാ മൊയിത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് appeared first on Express Kerala.




