
തമിഴ്നാട് സർക്കാരിന്റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ അതിഥിയായി പങ്കെടുത്തതിനെ തുടർന്ന് നടി തൃഷയ്ക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് നടി സഞ്ജന ഗൽറാണി (Trisha Sanjjanaa Galrani). രാഷ്ട്രീയ നേതാവെന്ന നിലയിൽ വിജയ്യുടെ പ്രവർത്തനങ്ങളും ഭരണനേട്ടങ്ങളും ചർച്ച ചെയ്യുന്നതിന് പകരം ഒരു സ്ത്രീയുടെ വ്യക്തിജീവിതത്തെ ലക്ഷ്യമിടുന്നത് ശരിയല്ലെന്ന് സഞ്ജന പറഞ്ഞു.
രാഷ്ട്രീയമായി വിജയ്യെ നേരിടാൻ കഴിയാത്തതിനാലാണ് അദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതത്തിലേക്കും തൃഷയുമായുള്ള ബന്ധത്തെക്കുറിച്ചുമുള്ള ചർച്ചകളിലേക്കും ശ്രദ്ധ തിരിക്കുന്നതെന്ന് സഞ്ജന ആരോപിച്ചു. രാഷ്ട്രീയക്കാർക്ക് എതിരാളികളെ രാഷ്ട്രീയതലത്തിൽ നേരിടാൻ കഴിയാതെ വരുമ്പോൾ വ്യക്തിപരമായ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതും അവരുടെ ബലഹീനതകൾ തേടുന്നതും പതിവാണെന്നും അവർ പറഞ്ഞു.
തൃഷ ഒരു സ്ത്രീയെന്ന നിലയിൽ അർഹിക്കുന്ന ബഹുമാനം എല്ലാവരും നൽകണമെന്നും അവരുടെ വ്യക്തിപരമായ തീരുമാനങ്ങളെ ചോദ്യം ചെയ്യാൻ മറ്റാർക്കും അവകാശമില്ലെന്നും സഞ്ജന ഓർമിപ്പിച്ചു. തൃഷയും വിജയും തമ്മിലുള്ള ബന്ധം എന്തുതന്നെയായാലും അത് അവരുടെ വ്യക്തിപരമായ വിഷയമാണെന്നും അതിന്റെ പേരിൽ അവരെ വിധിക്കാനോ ആക്രമിക്കാനോ കഴിയില്ലെന്നും അവർ വ്യക്തമാക്കി.
വിജയ്യുടെ രാഷ്ട്രീയ പ്രകടനത്തെക്കുറിച്ചും അദ്ദേഹത്തിന്റെ നേട്ടങ്ങളെയും പോരായ്മകളെയും കുറിച്ചാണ് ചർച്ച ചെയ്യേണ്ടതെന്ന് സഞ്ജന പറഞ്ഞു. ഒരു രാഷ്ട്രീയക്കാരനെന്ന നിലയിൽ അദ്ദേഹത്തെ വിമർശിക്കണമെങ്കിൽ നയങ്ങളുടെയും പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിൽ വിമർശിക്കണമെന്നും, അതിന് പകരം അദ്ദേഹവുമായി ബന്ധപ്പെടുത്തി ഒരു സ്ത്രീയെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.
തമിഴ്നാട് മുഖ്യമന്ത്രിയെന്ന നിലയിൽ വിജയ്യുടെ പ്രവർത്തനങ്ങളെയും സഞ്ജന പ്രശംസിച്ചു. വളരെ കുറഞ്ഞ കാലയളവിൽ തന്നെ മികച്ച ഭരണാധികാരിയെന്ന നിലയിൽ വിജയ് ശ്രദ്ധേയനായെന്നാണ് അവരുടെ അഭിപ്രായം. റോഡ് വികസനം, ഗ്രാമങ്ങളിലെ ചോർന്നൊലിക്കുന്ന ജലസംഭരണികളുടെ അറ്റകുറ്റപ്പണി, സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്കായി സ്വർണനാണയം നൽകുന്ന പദ്ധതി തുടങ്ങിയവ വേഗത്തിൽ നടപ്പാക്കുന്നുണ്ടെന്നും അവർ അവകാശപ്പെട്ടു.
രാത്രിയിലും സജീവമായി പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ സംഘത്തിന്റെ സഹായത്തോടെ വലിയ പ്രശ്നങ്ങൾ പോലും വേഗത്തിൽ പരിഹരിക്കാൻ വിജയ്ക്ക് സാധിക്കുന്നുണ്ടെന്നും സഞ്ജന ചൂണ്ടിക്കാട്ടി. ഒരു സിനിമാതാരമെന്ന നിലയിലെ ജനപ്രീതിക്ക് അപ്പുറം, കാര്യക്ഷമനായ രാഷ്ട്രീയനേതാവെന്ന നിലയിലും വിജയ്ക്ക് സ്വീകാര്യത വർധിച്ചുവരുന്നതായി സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നുവെന്നും അവർ പറഞ്ഞു. ചിലർ അദ്ദേഹത്തെ ഭാവി പ്രധാനമന്ത്രിയായി പോലും വിശേഷിപ്പിക്കുന്നുണ്ടെന്നും സഞ്ജന കൂട്ടിച്ചേർത്തു.
രാഷ്ട്രീയ വിയോജിപ്പുകൾ പ്രൊഫഷണലായും വിഷയാധിഷ്ഠിതമായും ചർച്ച ചെയ്യണമെന്നും, ഒരു സ്ത്രീയുടെ സാന്നിധ്യത്തെ മുൻനിർത്തി വ്യക്തിപരമായ ആക്രമണങ്ങൾ നടത്തുന്നത് ദൗർഭാഗ്യകരമാണെന്നും അവർ വ്യക്തമാക്കി.
കോട്ട സെന്റ് ജോർജിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമായത്. ചടങ്ങിൽ മുഖ്യമന്ത്രി വിജയ്യുടെ മാതാപിതാക്കൾക്കൊപ്പം തൃഷ മുൻനിരയിൽ ഇരുന്നതും വിജയ്യും തൃഷയും പരസ്പരം സല്യൂട്ട് കൈമാറിയതുമാണ് ചർച്ചയായത്.
സംഭവത്തിൽ ഡി.എം.കെ.യുടെ മുഖപത്രമായ മുരശൊലി രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അന്തസ്സിനെ ബാധിക്കുന്ന സംഭവമാണിതെന്നും വിജയ്ക്ക് വോട്ട് ചെയ്തവർക്കുപോലും അംഗീകരിക്കാനാവാത്ത കാഴ്ചയാണിതെന്നും മുഖപ്രസംഗത്തിലൂടെ മുരശൊലി ആരോപിച്ചിരുന്നു. നേരത്തെ മെയ് മാസത്തിൽ നടന്ന വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിലും തൃഷ പങ്കെടുത്തിരുന്നു.
Story Summary: Actress Sanjjanaa Galrani has defended Trisha against criticism over her participation in Tamil Nadu’s Independence Day celebrations alongside Chief Minister Vijay. She said political opponents should debate Vijay’s governance and policies instead of targeting a woman’s personal life.




