
ഇടുക്കി: ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങൾക്ക് സന്ദർശിക്കാനായി തുറന്നുനൽകുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് (Idukki Dam tourism). ഓണത്തോടനുബന്ധിച്ച് ഡാം പത്ത് ദിവസത്തേക്ക് തുറക്കാൻ പ്രത്യേക ഉത്തരവ് നൽകിയിട്ടുണ്ടെന്നും, സ്ഥിരമായി തുറക്കണമെന്ന ആവശ്യത്തിൽ കെഎസ്ഇബി നേതൃത്വവുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി ചെറുതോണിയിൽ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംഘടിപ്പിച്ച ഓണോത്സവ് 2026 ജില്ലാതല ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയുടെ പ്രഖ്യാപനം. ഡീൻ കുര്യാക്കോസ് എംപിയുടെയും റോയ് കെ. പൗലോസിന്റെയും ആവശ്യത്തെ തുടർന്നാണ് നിലവിൽ പത്ത് ദിവസത്തേക്ക് ഡാം തുറന്നത്. ഇടുക്കിക്കാരൻ എന്ന നിലയിൽ ഡാം സ്ഥിരമായി സന്ദർശകർക്കായി തുറക്കണമെന്ന ആവശ്യത്തിൽ ഉറച്ച നിലപാട് സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇടുക്കി ഡാം ഒരു മായാജാലമാണ്, അത്ഭുതമല്ല എന്നായിരുന്നു ഡാമിനെക്കുറിച്ചുള്ള മന്ത്രിയുടെ പരാമർശം. പതിറ്റാണ്ടുകൾക്ക് മുമ്പ് നടപ്പാക്കിയ എൻജിനീയറിങ് മികവിനെയും ആർക്കിടെക്ചറൽ വൈദഗ്ധ്യത്തെയും അദ്ദേഹം പ്രശംസിച്ചു. ഡാമിന്റെ പൈതൃകവും പ്രത്യേകതകളും നിലനിർത്തുന്നതിനൊപ്പം ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി വൈദ്യുതി പദ്ധതി പ്രദേശത്ത് കേന്ദ്ര ടൂറിസം ഫണ്ട് ഉപയോഗിച്ചുള്ള ബൃഹത്തായ പദ്ധതി വേഗത്തിൽ നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇടുക്കി ഡാം സന്ദർശിക്കുന്നതിനിടെ ടൂറിസം മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. ഡാം റിസർവോയറിന് സമീപം മലമ്പുഴ ഉദ്യാനത്തിന് സമാനമായ, കൂടുതൽ ആകർഷകമായ ടൂറിസം പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാരിന് നിർദേശം സമർപ്പിക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപിയും വ്യക്തമാക്കി.
അതേസമയം, ഡാമിന്റെ സുരക്ഷാ നിയന്ത്രണങ്ങൾ കാരണം പദ്ധതിക്ക് കെഎസ്ഇബിയുടെയും വനംവകുപ്പിന്റെയും അനുമതി ഉൾപ്പെടെ വിവിധ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും എംപി ചൂണ്ടിക്കാട്ടി. ഇടുക്കിയിലെ ഭൂമി, കൃഷി, റോഡ്, പാലം, വിദ്യാഭ്യാസം, മെഡിക്കൽ കോളജ് തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങൾക്കും മുൻഗണന നൽകുമെന്ന് മന്ത്രി അറിയിച്ചു.
Summary: Kerala Minister Sunny Joseph said steps will be taken to make Idukki Dam accessible to the public throughout the year. The government also plans major tourism development projects in the Idukki dam area with central assistance.




