
റിപ്പോർട്ട്: അൻവർ ഷരിഫ്
മലപ്പുറം: ജില്ലയിൽ ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ-2026 കൂടുതൽ കാര്യക്ഷമമായി നടപ്പാക്കാൻ ജില്ലാ തല സ്പെഷ്യൽ സെൽ യോഗം തീരുമാനിച്ചു. ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഓണക്കാലത്ത് ഗ്രീൻ പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു (Malappuram solid waste management). അജൈവ മാലിന്യ സംസ്കരണത്തിന്റെ നിരീക്ഷണത്തിൽ ഹരിതമിത്രം സേവനത്തിലെ മലപ്പുറത്തിന്റെ സ്ഥാനം 13-ൽ നിന്ന് ഒമ്പതിലേക്ക് ഉയർന്നതിനെ യോഗം അഭിനന്ദിച്ചു. ജില്ലയിൽ 10 ലക്ഷത്തിലധികം വീടുകളിലും സ്ഥാപനങ്ങളിലും ഹരിത കർമസേന സേവനം നൽകുന്നുണ്ട്. ജൂലൈയിൽ മാത്രം നാല് കോടിയിലേറെ രൂപ യൂസർ ഫീയായി ശേഖരിച്ചതും മാലിന്യസംസ്കരണ രംഗത്തെ മുന്നേറ്റമായി വിലയിരുത്തി.
കഴിഞ്ഞ മാസം ജില്ലയിൽ ഏകദേശം 4,600 എൻഫോഴ്സ്മെന്റ് പരിശോധനകൾ നടത്തി 37 ലക്ഷത്തോളം രൂപ പിഴ ഈടാക്കി. പുതിയ ചട്ടപ്രകാരം പ്രതിദിനം 100 കിലോയിൽ കൂടുതൽ ഖരമാലിന്യം ഉൽപാദിപ്പിക്കുന്നവർ, 20,000 ചതുരശ്ര മീറ്ററിലധികം നിർമാണ വിസ്തൃതിയുള്ള സ്ഥാപനങ്ങൾ, 40,000 ലിറ്ററിലധികം ജലം ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ എന്നിവ ബൾക്ക് വേസ്റ്റ് ജനറേറ്റർമാരായി പരിഗണിക്കും.
ഇത്തരം സ്ഥാപനങ്ങൾ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. നിയമലംഘനം നടത്തുന്ന ബൾക്ക് വേസ്റ്റ് ജനറേറ്റർമാർക്കെതിരെ വൈദ്യുതി, ജല കണക്ഷനുകൾ വിച്ഛേദിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ തല സ്പെഷ്യൽ സെല്ലിന് അധികാരമുണ്ടാകും. എം.സി.എഫിനായി സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച 33 തദ്ദേശ സ്ഥാപനങ്ങളുടെ അപേക്ഷകൾ ഡെപ്യൂട്ടി തഹസിൽദാർക്ക് കൈമാറാനും യോഗം തീരുമാനിച്ചു. ജില്ലയിലെ 106 തദ്ദേശ സ്ഥാപനങ്ങളിലെയും ഓഡിറ്റോറിയം, കാറ്ററിംഗ് സ്ഥാപന ഉടമകളുടെ യോഗം സെപ്റ്റംബർ ഒന്നിന് ചേരും. ഡമ്പ് സൈറ്റുകളിലും ബൾക്ക് വേസ്റ്റ് മാനേജർമാരുടെ പരിസരങ്ങളിലും സ്പെഷ്യൽ സെൽ അംഗങ്ങൾ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Summary: Malappuram district authorities have decided to strengthen the implementation of Solid Waste Management Rules 2026. The district has improved its Haritha Mithram ranking, while stricter enforcement, inspections and action against bulk waste generators will be introduced.




