
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദിമാഗി നക്സൽ’ പരാമർശത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം രൂക്ഷമാകുന്നതിനിടെ കേന്ദ്രമന്ത്രി കിരൺ റിജിജുവിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ പി. ചിദംബരം. പ്രധാനമന്ത്രിയുടെ പരാമർശം പ്രതിപക്ഷത്തെ ഉദ്ദേശിച്ചല്ലെന്ന റിജിജുവിന്റെ വിശദീകരണം അംഗീകരിക്കാനാകില്ലെന്ന് ചിദംബരം പറഞ്ഞു. (P Chidambaram on Dimaagi Naxal Remark)
‘ദിമാഗി നക്സൽ’ എന്നതുകൊണ്ട് ആരെയാണ് പ്രധാനമന്ത്രി ഉദ്ദേശിച്ചതെന്ന് റിജിജു വ്യക്തമാക്കണമെന്ന് ചിദംബരം ആവശ്യപ്പെട്ടു. നേരത്തെ താൻ ‘പ്രൗഡ് ദിമാഗി നക്സൽ’ എന്ന് വിശേഷിപ്പിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചതിനെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. ‘അർബൻ നക്സൽ’, ‘ആന്റി നാഷണൽ’, ‘തുക്ഡെ തുക്ഡെ ഗ്യാങ്’ തുടങ്ങിയ വിശേഷണങ്ങൾക്കൊപ്പം പ്രതിപക്ഷത്തെ ലക്ഷ്യമിട്ടാണ് ‘ദിമാഗി നക്സൽ’ എന്ന പ്രയോഗവും നടത്തുന്നതെന്നാണ് ചിദംബരത്തിന്റെ ആരോപണം. “പ്രധാനമന്ത്രിയുടെ പരാമർശം പ്രതിപക്ഷത്തെ ഉദ്ദേശിച്ചല്ലെങ്കിൽ, പിന്നെ ആരെയാണ് ഉദ്ദേശിച്ചത്? അത് റിജിജു വ്യക്തമാക്കണം. പ്രതിപക്ഷത്തെയാണ് ലക്ഷ്യമിടുന്നതെങ്കിൽ, അതിൽ അഭിമാനിക്കുന്നുവെന്നാണ് ഞാൻ പറഞ്ഞത്,” ചിദംബരം പറഞ്ഞു.
ഡൽഹിയിലെ പാർലമെന്റ് പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നടപടിയെയും ചിദംബരം ന്യായീകരിച്ചു. പെല്ലറ്റ് ഗൺ പരിക്കുമായി ബന്ധപ്പെട്ട പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് വൈകിയതിനെതിരെ രാഹുൽ ഗാന്ധി നടത്തിയ ഇടപെടൽ ശരിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒടുവിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ടിവന്നത് സത്യഗ്രഹത്തിന്റെ വിജയമാണെന്നും ചിദംബരം അവകാശപ്പെട്ടു.
വനിതാ സംവരണ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടും കേന്ദ്രസർക്കാരിനെതിരെ ചിദംബരം വിമർശനം ഉന്നയിച്ചു. നിലവിലെ 543 ലോക്സഭാ സീറ്റുകളിൽ തന്നെ വനിതാ സംവരണം നടപ്പാക്കാൻ കഴിയുമ്പോൾ അതിനെ മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിക്കുന്നത് അനാവശ്യ തടസ്സം സൃഷ്ടിക്കാനാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
Summary: Senior Congress leader P Chidambaram hit back at Union Minister Kiren Rijiju over Prime Minister Narendra Modi’s “Dimaagi Naxal” remark. He defended his “proud Dimaagi Naxal” post and questioned who the Prime Minister was referring to if the remark was not aimed at the Opposition.




