
കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ശക്തമായ കമ്പ്യൂട്ടർ സയൻസ് അടിസ്ഥാനവും അനിവാര്യമാണെന്ന വിലയിരുത്തലിൽ പുതിയ ഇ-പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ (ePGD) പ്രോഗ്രാമുമായി ഐഐടി ബോംബെ (IIT Bombay). കമ്പ്യൂട്ടർ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (CS & AI) മേഖലയിലാണ് പുതിയ പ്രോഗ്രാം അവതരിപ്പിക്കുന്നത്.
ഐഐടി ബോംബെ ഫാക്കൽറ്റി രൂപകൽപ്പന ചെയ്ത് നടപ്പാക്കുന്ന പ്രോഗ്രാമിന്റെ എഡ്ടെക് പങ്കാളിയാണ് ഗ്രേറ്റ് ലേണിംഗ്. അടിസ്ഥാന കമ്പ്യൂട്ടർ സയൻസ് വിഷയങ്ങൾക്കൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് എന്നിവയിലെ ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങൾക്കും സിലബസിൽ പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. സിൻക്രണസ്, അസിൻക്രണസ് ഓൺലൈൻ പഠനത്തിന് പുറമെ ഐഐടി ബോംബെ ക്യാമ്പസിൽ നേരിട്ടുള്ള ഇമ്മേഴ്‌സൻ സെഷനുകളും പ്രോഗ്രാമിന്റെ ഭാഗമാണ്.
കമ്പ്യൂട്ടിംഗിലും എഐയിലും ആഴത്തിലുള്ള സൈദ്ധാന്തികവും സാങ്കേതികവുമായ അറിവ് നേടാൻ ആഗ്രഹിക്കുന്ന പ്രൊഫഷണലുകളെയും സാങ്കേതിക പശ്ചാത്തലമുള്ള പഠിതാക്കളെയുമാണ് പ്രോഗ്രാം പ്രധാനമായും ലക്ഷ്യമിടുന്നത്.
കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് കോഴ്‌സുകൾ ക്രമീകരിച്ചിരിക്കുന്നത്. ജനറേറ്റീവ് എഐ, ലാർജ് ലാംഗ്വേജ് മോഡലുകൾ (LLM), എഐ ഏജന്റുകൾ, RAG, MCP, റീഇൻഫോഴ്‌സ്‌മെന്റ് ലേണിംഗ്, കമ്പ്യൂട്ടർ വിഷൻ, നാച്ചുറൽ ലാംഗ്വേജ് പ്രോസസിംഗ് (NLP), ഡീപ് ലേണിംഗ് തുടങ്ങിയ വിഷയങ്ങൾ എഐ വിഭാഗത്തിൽ ഉൾപ്പെടുന്നു.
അൽഗോരിതങ്ങളും കോംപ്ലക്‌സിറ്റിയും, ബ്ലോക്ക്ചെയിൻ, വെബ് ആൻഡ് സോഫ്റ്റ്‌വെയർ സെക്യൂരിറ്റി, ക്രിപ്റ്റോഗ്രഫി ആൻഡ് നെറ്റ്‌വർക്ക് സെക്യൂരിറ്റി, ബിഗ് ഡാറ്റ സിസ്റ്റം ഇന്റേണൽസ് തുടങ്ങിയ വിഷയങ്ങളാണ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലുള്ളത്.
രണ്ട് വിഭാഗങ്ങളിൽ നിന്നുമായി കുറഞ്ഞത് രണ്ട് കോഴ്‌സുകൾ വീതം ഉൾപ്പെടെ ആകെ ആറ് കോഴ്‌സുകളാണ് വിദ്യാർഥികൾ പൂർത്തിയാക്കേണ്ടത്. ഒരു വർഷത്തിനുള്ളിൽ പ്രോഗ്രാം പൂർത്തിയാക്കാൻ കഴിയുമെങ്കിലും പരമാവധി മൂന്ന് വർഷം വരെ സമയമെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
എഐ ടൂളുകൾ ഉപയോഗിക്കുന്നതിനപ്പുറം കമ്പ്യൂട്ടർ സയൻസിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും അടിസ്ഥാന തത്വങ്ങൾ ആഴത്തിൽ മനസ്സിലാക്കാൻ പഠിതാക്കളെ പ്രാപ്തരാക്കുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യമെന്ന് ഐഐടി ബോംബെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ ePGD(CS & AI) ഫാക്കൽറ്റി കോർഡിനേറ്റർ പ്രൊഫ. വിനയ് ജെ. റിബെയ്‌റോ പറഞ്ഞു. കൂടുതൽ എഐ കേന്ദ്രീകൃതമായിക്കൊണ്ടിരിക്കുന്ന തൊഴിൽ മേഖലയിൽ പൊരുത്തപ്പെടാനും മത്സരിക്കാനും ഈ അടിസ്ഥാന അറിവ് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സോഫ്റ്റ്‌വെയർ വികസനത്തിലും കമ്പ്യൂട്ടിംഗ് സംവിധാനങ്ങളിലും എഐയുടെ പ്രാധാന്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ, എഐ ടൂളുകളെക്കുറിച്ചുള്ള പരിചയം മാത്രം പ്രൊഫഷണലുകൾക്ക് മതിയാകില്ലെന്ന് ഗ്രേറ്റ് ലേണിംഗ് സ്ഥാപകനും സിഇഒയുമായ മോഹൻ ലഖംരാജു പറഞ്ഞു. വിശ്വസനീയവും വിപുലീകരിക്കാവുന്നതുമായ എഐ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും വിന്യസിക്കുന്നതിനും ആവശ്യമായ കമ്പ്യൂട്ടർ സയൻസ് തത്വങ്ങളുടെ അറിവും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിരുദ പഠനകാലത്തോ ജോലിക്കിടയിലോ കമ്പ്യൂട്ടർ സയൻസ് പഠിച്ചിട്ടുള്ള സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ, എൻജിനീയർമാർ, ഐടി പ്രൊഫഷണലുകൾ, ഡാറ്റാ സയന്റിസ്റ്റുകൾ എന്നിവരാണ് പ്രധാനമായും പ്രോഗ്രാമിന്റെ ലക്ഷ്യവിഭാഗം. കമ്പ്യൂട്ടർ സയൻസിൽ അടിസ്ഥാന അറിവുള്ള പുതുതായി ബിരുദം നേടിയവർക്കും കോഴ്‌സിൽ ചേരാം.
പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്ന പഠിതാക്കൾക്ക് ഐഐടി ബോംബെയുടെ ഇ-അലുംനി പദവിയും ലഭിക്കും.
കൂടുതൽ വിവരങ്ങൾ ഐഐടി ബോംബെയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
Story Summary:
IIT Bombay has introduced an e-Postgraduate Diploma in Computer Science and Artificial Intelligence, combining core computer science with advanced AI and machine learning topics. The one-to-three-year programme targets software professionals, IT specialists, data scientists and graduates with a foundational background in computer science.




