രോഹൻ കുന്നുമ്മലിന്റെ വെടിക്കെട്ട്; ആലപ്പി റിപ്പിൾസിനെ തകർത്ത് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്

രോഹൻ കുന്നുമ്മലിന്റെ വെടിക്കെട്ട്; ആലപ്പി റിപ്പിൾസിനെ തകർത്ത് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്

Calicut Globstars

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (KCL) ആലപ്പി റിപ്പിൾസിനെതിരെ ആറ് വിക്കറ്റ് തകർപ്പൻ ജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസ് 19.3 ഓവറിൽ 131 റൺസിന് എല്ലാവരും പുറത്തായപ്പോൾ, 16.5 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കാലിക്കറ്റ് വിജയലക്ഷ്യം മറികടന്നു. ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന്റെ വെടിക്കെട്ട് ബാറ്റിങ്ങും ഹരികൃഷ്ണന്റെ മികച്ച ബൗളിങ്ങുമാണ് കാലിക്കറ്റിന്റെ വിജയത്തിൽ നിർണായകമായത്. 94 റൺസ് നേടിയ രോഹൻ കുന്നുമ്മലാണ് പ്ലെയർ ഓഫ് ദി മാച്ച്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആലപ്പി റിപ്പിൾസിന് തുടക്കത്തിൽ തന്നെ കനത്ത തിരിച്ചടിയേറ്റു. രണ്ടാം ഓവറിൽ തുടർച്ചയായ പന്തുകളിൽ ജലജ് സക്സേനയെ 2 റൺസിനും സച്ചിൻ ബേബിയെ റൺസൊന്നുമെടുക്കാതെയും പുറത്താക്കി ഹരികൃഷ്ണൻ ആലപ്പിയുടെ തകർച്ചയ്ക്ക് തുടക്കമിട്ടു. തൊട്ടടുത്ത ഓവറിൽ മുഹമ്മദ് അസ്ഹറുദ്ദീനെയും കെ.എ. അരുണിനെയും അഖിൽ സ്കറിയ പുറത്താക്കിയതോടെ നാല് വിക്കറ്റ് നഷ്ടത്തിൽ 16 റൺസ് എന്ന നിലയിലായി ആലപ്പി.

തുടർന്ന് ടി.കെ. അക്ഷയ് (11), ആകാശ് പിള്ള (13) എന്നിവരും അധികനേരം ക്രീസിൽ തുടരാനായില്ല. എന്നാൽ അവസാന ഘട്ടത്തിൽ അഭിജിത് പ്രവീൺ (24), സിബിൻ ഗിരീഷ് (17), ആഷിഖ് അലി (33) എന്നിവർ നടത്തിയ ചെറുത്തുനിൽപ്പാണ് ടീമിനെ 131 റൺസിലെത്തിച്ചത്. 17 പന്തിൽ നാല് ഫോറും ഒരു സിക്സും സഹിതമാണ് ആഷിഖ് അലി 33 റൺസെടുത്തത്.

കാലിക്കറ്റിനായി ഹരികൃഷ്ണൻ നാല് ഓവറിൽ വെറും 12 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. അഖിൽ സ്കറിയയും വിഘ്നേഷ് പുത്തൂരും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

132 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കാലിക്കറ്റിനും തുടക്കത്തിൽ തിരിച്ചടിയേറ്റു. കെ.എസ്. അരവിന്ദ് രണ്ട് റൺസിനും വരുൺ നായനാർ ഒരു റൺസിനും പുറത്തായി. എന്നാൽ പിന്നീട് ക്യാപ്റ്റൻ രോഹൻ കുന്നുമ്മലും വൈസ് ക്യാപ്റ്റൻ അഖിൽ സ്കറിയയും ചേർന്ന് ഇന്നിങ്സ് ഏറ്റെടുത്തു.

ആലപ്പി ബൗളർമാരെ കടന്നാക്രമിച്ച രോഹൻ അതിവേഗം സ്കോർ ഉയർത്തിയപ്പോൾ അഖിൽ സ്കറിയ പിന്തുണയുമായി ക്രീസിൽ ഉറച്ചുനിന്നു. ഇരുവരും ചേർന്ന് 106 റൺസിന്റെ നിർണായക കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. അജിനാസ് എറിഞ്ഞ 12-ാം ഓവറിൽ തുടർച്ചയായി നാല് സിക്സുകൾ പറത്തി രോഹൻ കുന്നുമ്മൽ മത്സരത്തിന്റെ ഗതി പൂർണമായും കാലിക്കറ്റിന് അനുകൂലമാക്കി.

See also  ധോണിയെ മറികടന്ന് റിഷഭ് പന്ത്; ഇന്ത്യയുടെ റെക്കോർഡ് ബുക്കിൽ ചരിത്രനേട്ടം | Rishabh Pant Record

47 പന്തിൽ ആറ് ഫോറും എട്ട് സിക്സും ഉൾപ്പെടെ 94 റൺസാണ് രോഹൻ നേടിയത്. അഭിജിത് പ്രവീണിന്റെ പന്തിൽ സച്ചിൻ ബേബിക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. അഖിൽ സ്കറിയ 31 റൺസുമായി പുറത്താകാതെ നിന്നു. ആലപ്പിക്കായി ജലജ് സക്സേന രണ്ട് വിക്കറ്റ് വീഴ്ത്തി.

സ്കോർ: ആലപ്പി റിപ്പിൾസ് – 19.3 ഓവറിൽ 131/10; കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് – 16.5 ഓവറിൽ 135/4.

Story Summary:
Calicut Globstars defeated Alleppey Ripples by six wickets in the Kerala Cricket League. Captain Rohan Kunnummal smashed 94 off 47 balls, while Harikrishnan claimed three wickets for just 12 runs to set up a convincing victory.

Spread the love
Scroll to Top