
തിരുവനന്തപുരം: സംസ്ഥാനത്തെ ആശാ പ്രവർത്തകർക്ക് ഓണത്തിന് മുൻപേ ഹോണറേറിയവും ഉത്സവബത്തയും വിതരണം ചെയ്തതായി ആരോഗ്യ ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു (ASHA workers Kerala). ആഗസ്റ്റ് മാസത്തെ ഹോണറേറിയമായി 12,000 രൂപയും ഉത്സവബത്തയായി 1,450 രൂപയുമാണ് ഓരോ ആശാ പ്രവർത്തകർക്കും അനുവദിച്ചത്.
സംസ്ഥാനത്തെ ആശാ പ്രവർത്തകരുടെ ഹോണറേറിയം ഇനത്തിൽ 29 കോടി 93 ലക്ഷം രൂപയും ഉത്സവബത്തയായി 3 കോടി 61 ലക്ഷം രൂപയുമാണ് സർക്കാർ അനുവദിച്ചത്. ഇതോടെ ഓണക്കാലത്ത് ആശാ പ്രവർത്തകർക്ക് നൽകേണ്ട മുഴുവൻ തുകയും സമയബന്ധിതമായി ലഭ്യമാക്കാനായതായി മന്ത്രി വ്യക്തമാക്കി.
മുൻ വർഷങ്ങളിൽ ഓണത്തിന് ലഭിച്ചിരുന്നത് അതിന് മുമ്പുള്ള മാസങ്ങളിലെ ഹോണറേറിയമായിരുന്നു. എന്നാൽ ഇത്തവണ ഓണം ആഗസ്റ്റ് മാസം അവസാനിക്കുന്നതിന് മുമ്പ് എത്തിയ സാഹചര്യത്തിലും, യാതൊരു ഉപാധിയും കൂടാതെ ആഗസ്റ്റ് മാസത്തെ ഹോണറേറിയം തന്നെ പൂർണമായി അനുവദിച്ചു.
ഇതോടെ ആദ്യമായി ആശാ പ്രവർത്തകർക്ക് ഒരു രൂപ പോലും കുടിശ്ശികയില്ലാത്ത ഓണക്കാലം ഉറപ്പാക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ആശാ പ്രവർത്തകർ ഉൾപ്പെടെയുള്ള മുൻനിര ആരോഗ്യപ്രവർത്തകരുടെ പ്രശ്നങ്ങൾ പഠിച്ച് ഹോണറേറിയവും മറ്റ് ആനുകൂല്യങ്ങളും കൃത്യസമയത്ത് ലഭ്യമാക്കുന്നതിലെ തടസങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ മുൻഗണന നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻനിര ആരോഗ്യ പ്രവർത്തകരെ ചേർത്തുപിടിക്കുന്ന സർക്കാരിന്റെ കരുതലിന്റെ ഭാഗമായാണ് ഓണത്തിന് മുമ്പ് തന്നെ ഹോണറേറിയവും ഉത്സവബത്തയും അനുവദിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Story Summary:
The Kerala government has released the August honorarium and Onam festival allowance to ASHA workers before Onam. A total of ₹29.93 crore was allocated as honorarium and ₹3.61 crore as festival allowance, ensuring that ASHA workers have no outstanding dues during the festival season.




