
പ്രയാഗ്‌രാജ്: വിദ്യാലയങ്ങൾ നിർദ്ദേശിക്കുന്ന യൂണിഫോമിൽ വ്യക്തിപരമായ താല്പര്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്താൻ വിദ്യാർത്ഥികൾക്ക് അവകാശമില്ലെന്ന് അലഹബാദ് ഹൈക്കോടതി. സ്കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട് സ്വകാര്യ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന വിധി.(Allahabad High Court Dismisses Student Plea To Wear Headscarf With School Uniform)
പ്രയാഗ്‌രാജിലെ സ്വകാര്യ സ്കൂളിൽ പത്താം ക്ലാസ് പൂർത്തിയാക്കി അതേ വിദ്യാലയത്തിൽ പ്ലസ് വണ്ണിന് ചേരാൻ ഒരുങ്ങുന്ന പെൺകുട്ടിയാണ് അമ്മ മുഖേന കോടതിയെ സമീപിച്ചത്. ആറാം ക്ലാസ് മുതൽ താൻ ഹിജാബ് ധരിച്ചാണ് സ്കൂളിൽ എത്തിയിരുന്നതെന്നും, ഇത് ഇസ്ലാമിക ആചാരത്തിന്റെ ഭാഗമാണെന്നും പെൺകുട്ടി ഹർജിയിൽ വാദിച്ചു. എന്നാൽ, ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതവിശ്വാസത്തിൽ നിർബന്ധമായും പാലിക്കേണ്ട അടിസ്ഥാനപരമായ ആചാരമല്ലെന്ന് മുൻകാല ഉത്തരവുകൾ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് ഇന്ദ്രജിത് ശുക്ല എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
സ്കൂളിലെ മറ്റ് മുസ്ലീം പെൺകുട്ടികളാരും ഹിജാബ് ധരിക്കുന്നില്ലെന്ന് ക്ലാസ് ചിത്രങ്ങൾ പരിശോധിച്ച ശേഷം കോടതി വ്യക്തമാക്കി. സ്ഥാപനത്തിലെ അച്ചടക്കവും സമത്വവും നിലനിർത്താൻ ഏവർക്കും ബാധകമായ തുല്യമായ ഡ്രസ്സ് കോഡ് നടപ്പിലാക്കാൻ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൂർണ്ണ അവകാശമുണ്ട്. അച്ചടക്കം വ്യക്തിഗത താല്പര്യങ്ങൾക്ക് വഴിമാറിയാൽ അത് യൂണിഫോം എന്ന ആശയത്തെത്തന്നെ ഇല്ലാതാക്കുമെന്നും, ഹർജിയിൽ ഉന്നയിച്ച വാദങ്ങളിൽ കഴമ്പില്ലെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.
Story Summary
The Allahabad High Court dismissed a plea filed by a student seeking permission to wear a headscarf with her school uniform, ruling that students do not have the right to alter prescribed dress codes based on personal preferences. The court held that non-aided private educational institutions have full autonomy to enforce a uniform dress code to maintain discipline and equality among students.




