
ദമ്മാം: അന്തരിച്ച നവയുഗം സാംസ്കാരികവേദി കേന്ദ്രനേതാവ് സനു മഠത്തിലിന്റെ അമ്മയ്ക്ക് ഓണക്കാലത്ത് സമ്മാനങ്ങളുമായി എത്തുന്ന പതിവ് നവയുഗം ഇത്തവണയും തുടർന്നു (Sanu Madathil). സനുവിന്റെ വീട്ടിലെത്തിയ നവയുഗം നേതാക്കളായ ഉണ്ണി മാധവം, റഷീദ് പുനലൂർ, രാജൻ കായംകുളം എന്നിവർ ചേർന്ന് അമ്മയ്ക്ക് ഓണപ്പുടവയും മറ്റ് സമ്മാനങ്ങളും കൈമാറി.
സനുവിന്റെ ഭാര്യ, മകൻ, മറ്റ് കുടുംബാംഗങ്ങൾ എന്നിവർക്കൊപ്പം നവയുഗം കേന്ദ്രകമ്മറ്റിയുടെ മുൻ സെക്രട്ടറി കെ.ആർ. അജിത്ത്, നവയുഗം കുടുംബാംഗങ്ങളായ സീനത്ത് റഷീദ്, രവി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
നവയുഗത്തിന്റെ ആദ്യകാലം മുതൽ നേതൃത്വനിരയിൽ സജീവമായി പ്രവർത്തിച്ചിരുന്ന സനു മികച്ച സംഘാടകനെന്ന നിലയിൽ കിഴക്കൻ പ്രവിശ്യയുടെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ ദല്ല മേഖലയിലെ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകിയത് സനുവിന്റെ ഇടപെടലുകളായിരുന്നു.
തൊഴിൽ പ്രശ്നങ്ങളും രോഗങ്ങളും മൂലം ദുരിതത്തിലായ നിരവധി പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങുന്നതിനും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനും സനു മുന്നിട്ടിറങ്ങിയിരുന്നു. സ്വന്തം വരുമാനത്തിൽനിന്ന് പണം ചെലവഴിച്ചുപോലും മറ്റുള്ളവരെ സഹായിക്കാൻ മടിയില്ലാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
നിറഞ്ഞ പുഞ്ചിരിയും ഊഷ്മളമായ പെരുമാറ്റവും കൊണ്ട് സനു വലിയൊരു സൗഹൃദവലയം സ്വന്തമാക്കിയിരുന്നു. ഏകദേശം 16 വർഷത്തോളം ദമ്മാമിൽ പ്രവാസിയായിരുന്ന സനു മഠത്തിൽ 2023 ഏപ്രിൽ 22ന് ദമ്മാം കൊദറിയയിലെ താമസസ്ഥലത്ത് ഉറക്കത്തിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്.
സനുവിന്റെ ഓർമ്മകൾക്ക് ആദരമർപ്പിക്കുന്നതിനൊപ്പം കുടുംബത്തോടുള്ള ആത്മബന്ധം നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഓണക്കാലത്തെ ഈ സ്നേഹസന്ദർശനം നവയുഗം തുടരുന്നത്.
Story Summary:
Navayugam leaders visited the family of late cultural activist Sanu Madathil in Dammam and presented his mother with an Onam saree and gifts, continuing their annual tradition. Sanu was remembered for his strong organisational skills and extensive social, cultural and charitable work among expatriates in Saudi Arabia.




