
ന്യൂയോർക്ക്: ഓഗസ്റ്റ് 29ന് മാഡിസൺ സ്ക്വയർ ഗാർഡനിൽ നടക്കാനിരിക്കുന്ന ആർഎസ്എസ് പരിപാടിക്കെതിരെ ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി (Zohran Mamdani). ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുക്കുന്ന പരിപാടിയോട് തനിക്ക് ശക്തമായ വിയോജിപ്പുണ്ടെന്ന് മംദാനി വ്യക്തമാക്കി. എന്നാൽ പരിപാടി സ്വകാര്യമായി സംഘടിപ്പിക്കുന്നതായതിനാൽ അത് റദ്ദാക്കാൻ നഗരഭരണകൂടത്തിന് നിയമപരമായി അധികാരമുണ്ടോ എന്നത് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളോട് സംസാരിക്കവെയാണ് മംദാനി പരിപാടിയോടുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്. മതേതരത്വത്തിലും ബഹുസ്വരതയിലും വിശ്വസിക്കുന്ന ഒരു റിപ്പബ്ലിക്കായാണ് ഇന്ത്യയെക്കുറിച്ച് തന്റെ കുടുംബം തന്നെ പഠിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഇതിന് വിരുദ്ധമായി, ആളുകളെ മാറ്റിനിർത്തുകയും ഒഴിവാക്കുകയും ചെയ്യുന്ന ആശയത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു പ്രസ്ഥാനം വളരുന്നത് ആശങ്കാജനകമാണെന്നും മംദാനി അഭിപ്രായപ്പെട്ടു. നിറം, മതം, വിശ്വാസം എന്നിവയുടെ അടിസ്ഥാനത്തിൽ വേർതിരിവില്ലാതെ എല്ലാവരെയും തുല്യമായി പരിഗണിക്കുന്ന നഗരത്തിന്റെ മേയർ എന്ന നിലയിലും ഇന്ത്യൻ-അമേരിക്കൻ എന്ന നിലയിലും പരിപാടിയോട് തനിക്ക് കടുത്ത എതിർപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആർഎസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആഗോള സമ്പർക്ക പരിപാടിയുടെ ഭാഗമായാണ് മോഹൻ ഭാഗവത് അമേരിക്ക, കാനഡ, യുകെ എന്നിവിടങ്ങളിൽ സന്ദർശനം നടത്തുന്നത്. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 29ന് മാഡിസൺ സ്ക്വയർ ഗാർഡനിൽ ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ‘എഹെഡ് ഫോറം’ നേതൃത്വം നൽകുന്ന പരിപാടിയിൽ ഏകദേശം 5,000 പേർ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
അതേസമയം, പരിപാടിക്കെതിരെ അമേരിക്കയിലെ വിവിധ സംഘടനകളും രംഗത്തെത്തി. ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്സ്, ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം കൗൺസിൽ, ഇന്റർഫെയ്ത്ത് സെന്റർ ഓഫ് ന്യൂയോർക്ക് തുടങ്ങിയ സംഘടനകൾ ന്യൂയോർക്ക് സിറ്റി ഹാളിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
പരിപാടിക്ക് അനുമതി നൽകരുതെന്ന് പുരോഗമന ഇടതുപക്ഷ സംഘടനകളും പ്രവർത്തകരും മേയർ മംദാനിയോട് ആവശ്യപ്പെട്ടിരുന്നു. പരിപാടി റദ്ദാക്കാൻ തയ്യാറാകാത്തതിനെ മുൻ സിയാറ്റിൽ സിറ്റി കൗൺസിൽ അംഗം ക്ഷമ സാവന്തും വിമർശിച്ചു.
മോഹൻ ഭാഗവതിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ആർഎസ്എസ് നേതൃത്വത്തിന് ഉയർന്നതല നയതന്ത്ര പരിഗണന നൽകുന്നത് ഒഴിവാക്കണമെന്നും സംഘടനയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നും യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം അമേരിക്കൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഈ ആവശ്യം ഇന്ത്യ തള്ളി. മുൻവിധിയോടെ പ്രവർത്തിക്കുന്ന ഇത്തരം കമ്മീഷനുകളുടെ പ്രസ്താവനകൾ അവഗണിക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചത്.
Story Summary:
New York City Mayor Zohran Mamdani has voiced strong opposition to an RSS event featuring chief Mohan Bhagwat at Madison Square Garden on August 29. Several US-based organisations have also protested the event, while India’s Ministry of External Affairs dismissed calls for action against the RSS as biased.




