
കാഠ്മണ്ഡു: നേപ്പാളിലെ ടിബറ്റ് അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലുണ്ടായ മിന്നൽപ്രളയത്തിൽ മരണം 16 ആയി. 105 ഇന്ത്യക്കാരടക്കം 384 പേരെ കാണാതായതായാണ് അധികൃതർ നൽകുന്ന വിവരം (Nepal flash flood). കാണാതായവരിൽ 32 പൊലീസുകാരും 25 തീർത്ഥാടകരും ഉൾപ്പെടുന്നു. പ്രളയബാധിത മേഖലയിൽ ഉണ്ടായിരുന്ന ചില വിനോദസഞ്ചാരികളുമായും നിലവിൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നാണ് നേപ്പാൾ ടൂറിസം ബോർഡിന്റെ കണക്ക്.
അപകടത്തിൽപ്പെട്ട 12 പേരെ ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു. ദുരന്തബാധിത മേഖലകളിൽ നേപ്പാൾ സൈന്യത്തിന്റെയും പൊലീസിന്റെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു.
ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനുമായി കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ സംവിധാനവും ആരംഭിച്ചു. +977 985 131 6807, +977 970 910 7500 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
ചൈനീസ് അതിർത്തിയോട് ചേർന്ന മേഖലകളിലാണ് പ്രളയം ഏറ്റവും വലിയ നാശം വിതച്ചത്. നിരവധി ഗ്രാമങ്ങളും മാർക്കറ്റുകളും ജലസേചന പദ്ധതികളും പ്രളയത്തിൽ തകർന്നതായാണ് റിപ്പോർട്ട്. റോഡുകളും പാലങ്ങളും തകർന്നതോടെ പല പ്രദേശങ്ങളിലേക്കുമുള്ള ഗതാഗത ബന്ധം പൂർണമായും തടസ്സപ്പെട്ടു. മേഖലയിലെ ആറ് പ്രധാന ജലവൈദ്യുത പദ്ധതികൾക്കും കേടുപാടുകൾ സംഭവിച്ചതായാണ് വിവരം.
ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് ടിബറ്റിൽനിന്ന് ഒഴുകിയെത്തുന്ന ഭോട്ടെ കോഷി നദിയിൽ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നത്. ശക്തമായ നീരൊഴുക്കിൽ നദി കരകവിഞ്ഞതോടെ തീരത്തെ ഗ്രാമങ്ങൾ അതിവേഗം വെള്ളത്തിനടിയിലാവുകയായിരുന്നു. നിരവധി വീടുകളും വാഹനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പ്രളയത്തിൽ ഒലിച്ചുപോയി.
ദുരന്തത്തിന് പിന്നാലെ സൈനിക ഹെലികോപ്റ്ററുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം ആരംഭിച്ചു. കാണാതായവർക്കായുള്ള തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുമായി നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷാ അടിയന്തര യോഗം വിളിച്ചുചേർത്തു.
ബിഹാറിലും യുപിയിലും ജാഗ്രത
നേപ്പാളിലെ പ്രളയസാഹചര്യം കണക്കിലെടുത്ത് അയൽ സംസ്ഥാനങ്ങളായ ബിഹാറിലും ഉത്തർപ്രദേശിലും ജാഗ്രത ശക്തമാക്കി. സ്ഥിതിഗതികൾ വിലയിരുത്താൻ ഇരു സംസ്ഥാനങ്ങളിലും അടിയന്തര യോഗങ്ങൾ ചേർന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിഹാർ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
അതിനിടെ, നേപ്പാളിന് ആവശ്യമായ അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിച്ചുവരികയാണ്. അതിർത്തി പ്രദേശങ്ങളിലെ സാഹചര്യം നിരീക്ഷിക്കുകയും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
Story Summary:
Nepal’s flash floods have killed 16 people and left 384 missing, including 105 Indians, 32 police personnel and 25 pilgrims. Rescue operations are underway as extensive damage has been reported near the Tibet border, while Bihar and Uttar Pradesh have stepped up preparedness in view of the situation.




