മന്തി ചോറ് രണ്ടാമത് ചോദിച്ചു; പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്ക് ക്രൂര മർദ്ദനം, കഴക്കൂട്ടം ‘ക്യാപ്പിറ്റൽ മന്തി’ ഉടമയും ജീവനക്കാരും കസ്റ്റഡിയിൽ | Kazhakkoottam hotel assault

മന്തി ചോറ് രണ്ടാമത് ചോദിച്ചു; പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്ക് ക്രൂര മർദ്ദനം, കഴക്കൂട്ടം ‘ക്യാപ്പിറ്റൽ മന്തി’ ഉടമയും ജീവനക്കാരും കസ്റ്റഡിയിൽ | Kazhakkoottam hotel assault

Kazhakkoottam hotel assault

തിരുവനന്തപുരം: രണ്ടാമത് മന്തി ചോറ് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ മർദിച്ചതായി പരാതി (Kazhakkoottam hotel assault). കഴക്കൂട്ടത്തെ ‘ക്യാപ്പിറ്റൽ മന്തി’ ഹോട്ടലിലാണ് നാലംഗ വിദ്യാർഥി സംഘവും ഹോട്ടൽ ജീവനക്കാരും തമ്മിൽ സംഘർഷമുണ്ടായത്. സംഭവത്തിൽ തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുട്ടികളുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹോട്ടലുടമയെയും ജീവനക്കാരെയും പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണം കഴിച്ച ശേഷം വിദ്യാർഥികൾ രണ്ടാമത് മന്തി ചോറ് ആവശ്യപ്പെട്ടതാണ് തർക്കത്തിന് തുടക്കമിട്ടതെന്നാണ് പരാതി.

രണ്ടാമത് ചോറ് നൽകാനാകില്ലെന്ന് ഹോട്ടൽ ജീവനക്കാർ അറിയിച്ചതോടെ പണം നൽകി വാങ്ങാമെന്ന് വിദ്യാർഥികൾ പറഞ്ഞെങ്കിലും ചോറ് ലഭ്യമല്ലെന്ന് പറഞ്ഞ് ഇവരെ ഹോട്ടലിൽനിന്ന് പുറത്താക്കിയെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ഇതിനെ തുടർന്ന് വിദ്യാർഥികളും ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു.

ഹോട്ടൽ ജീവനക്കാരും പുറത്തുനിന്ന് വിളിച്ചുവരുത്തിയവരും ഉൾപ്പെടെ ഇരുപതോളം പേർ ചേർന്ന് കുട്ടികളെ മർദിച്ചെന്നാണ് രക്ഷിതാക്കളുടെ ആരോപണം. മർദനത്തിൽ കുട്ടികൾക്ക് തലയ്ക്കും ദേഹത്തും പരിക്കേറ്റതായും പരാതിയിൽ പറയുന്നു.

സംഭവത്തിൽ പേട്ട പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Story Summary:
Four minor students were allegedly assaulted following a dispute at a biryani restaurant in Kazhakkoottam, Thiruvananthapuram, after they asked for additional mandi rice. Police have taken the hotel owner and employees into custody based on a complaint from the students’ parents.

See also  എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് ശ്രദ്ധയ്ക്ക്; സൗജന്യ പണം പിൻവലിക്കലിൽ കർശന നിയന്ത്രണങ്ങളുമായി ബാങ്ക്
Spread the love
Scroll to Top