
വടകര: മാടാക്കര പള്ളിയിൽ പൊലീസ് നടത്തിയ നടപടിയുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ ചോമ്പാല സ്റ്റേഷനിലെ എസ്ഐ ഉൾപ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം (Vadakara Madakkara mosque). ഉത്തരമേഖലാ ഡിഐജിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. ചോമ്പാല സ്റ്റേഷനിലെ എസ്ഐ ഷമീൽ, എഎസ്ഐമാരായ മനോജൻ, മനോജ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ അനിൽകുമാർ, പ്രവീൺകുമാർ എന്നിവരെയാണ് സ്ഥലംമാറ്റിയത്. ഇവരെ കോഴിക്കോട് റൂറൽ പൊലീസിന്റെ ജില്ലാ ആസ്ഥാനത്തേക്കാണ് മാറ്റിയത്. കോഴിക്കോട് റൂറൽ എസ്പി മെറിൻ ജോസഫാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
പള്ളിയിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തി വീശിയിരുന്നു. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥർ ബൂട്ടിട്ട് പള്ളിക്കുള്ളിൽ പ്രവേശിച്ചതാണ് വലിയ വിവാദത്തിന് ഇടയാക്കിയത്. സംഭവത്തിൽ പ്രതിഷേധവും വിമർശനവും ശക്തമായതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള തീരുമാനം.
അതേസമയം, പള്ളിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് നാല് പേർക്കെതിരെ ചോമ്പാല പൊലീസ് കേസെടുത്തു. കോയേൻ്റവിട സമീർ, ഇസ്മാഈൽ താഹിറ മൻസിൽ, മുഹമ്മദ് ഷാനുൽ, ഇസ്മാഈൽ കാഞ്ഞിരാട്ട് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഖത്തീബിന്റെ നേതൃത്വത്തിൽ നടന്ന മൗലിദ് പാരായണം തടസ്സപ്പെടുത്തിയെന്നും പള്ളിയിൽ നമസ്കരിക്കാനെത്തിയവരെ ഭയപ്പെടുത്തിയെന്നും ആരോപിച്ചാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Story Summary:
Five police personnel, including an SI, have been transferred following controversy over police action inside Madakkara mosque in Vadakara. The transfers came after police allegedly entered the mosque wearing boots during a clash between two groups, while four people have also been booked in connection with the incident.




