
കല്ലമ്പലം മുത്താനയിൽ കഴിഞ്ഞ വർഷത്തെ ഓണാഘോഷവുമായി ബന്ധപ്പെട്ട മുൻവൈരാഗ്യത്തെത്തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രത്രിയായ 18-കാരൻ ഉൾപ്പെടെ അഞ്ച് പ്രതികളെയും കല്ലമ്പലം പോലീസ് പിടികൂടി. മുത്താന ചരുവിള വീട്ടിൽ പ്രജിയാണ് (35) കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പ്രജിയുടെ സുഹൃത്ത് അജയ്യ്ക്കും (37) പരിക്കേറ്റിട്ടുണ്ട്.
ഓഗസ്റ്റ് 26 ബുധനാഴ്ച വൈകീട്ട് മൂന്നോടെ മുത്താന കൊച്ചാരംപൊയ്ക മുട്ടുംഭാഗം കാവിന് സമീപമായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സുഹൃത്തുക്കളോടൊപ്പം നടന്നുപോകുകയായിരുന്ന പ്രജിയുടെ അടുത്തേക്ക് എത്തിയ പ്രതികളായ അഞ്ചംഗ സംഘം വാക്കേറ്റത്തിനൊടുവിൽ പ്രകോപനപരമായി പെരുമാറുകയും സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. ഇതിനിടെ സംഘത്തിലുണ്ടായിരുന്ന പ്രധാന പ്രതി ഗൗരികൃഷ്ണൻ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് പ്രജിയുടെ നെഞ്ചിലും പിൻഭാഗത്തും കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന പ്രജിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read: കളിപ്പാട്ടത്തിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ചു കടത്തൽ; ബെംഗളൂരുവിൽ നിന്നെത്തിയ റോബോട്ട് പാർസലുമായി യുവാവ് പിടിയിൽ!
സംഭവത്തിന് ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ച പറകുന്ന് കൊടുവേലിക്കോണം ആലുവിള വീട്ടിൽ ഗൗരികൃഷ്ണനെ (18) സംഭവസ്ഥലത്തിന് സമീപത്തുനിന്ന് ഒരു മണിക്കൂറിനകം പോലീസ് പിടികൂടി. കേസിൽ ഉൾപ്പെട്ട ഷൈജു ഭവനിൽ ഷൈജുവിനെ (22) കോവൂർ ഭാഗത്തുനിന്നും, ബെംഗളൂരുവിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മനു (19), കണ്ണൻ (18), രഞ്ജിത്ത് (20) എന്നിവരെ പാരിപ്പള്ളിക്കും ചാത്തന്നൂരിനും ഇടയിലുള്ള പുലിക്കുഴി വെച്ചും പോലീസ് സംഘം അതിസാഹസികമായി വളഞ്ഞ് പിടികൂടുകയായിരുന്നു.
തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി പ്രശാന്തൻ കാണിയുടെ കർശന നിർദേശപ്രകാരം വർക്കല ഡിവൈ.എസ്.പി. പി.വി. രമേഷ് കുമാർ, കല്ലമ്പലം ഇൻസ്പെക്ടർ ദീപു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും റൂറൽ ഡാൻസാഫ് ടീമും ചേർന്നാണ് അതിവേഗം പ്രതികളെ വലയിലാക്കിയത്. കെട്ടിടനിർമാണ തൊഴിലാളിയായ പ്രജിയുടെ വേർപാട് കുടുംബത്തെയും നാടിനെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
The post കഴിഞ്ഞ ഓണക്കാലത്തെ പകവീട്ടി; തിരുവോണദിനത്തിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ 18-കാരനും സംഘവും അറസ്റ്റിൽ appeared first on Express Kerala.




