
ന്യൂസിലാൻഡ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് ഫോമിലുള്ള റുതുരാജ് ഗെയ്‌ക്‌വാദിനെ ഒഴിവാക്കി റിഷഭ് പന്തിനെ ഉൾപ്പെടുത്തിയത് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ഏകദിനത്തിൽ തകർപ്പൻ സെഞ്ച്വറി നേടിയിട്ടും റുതുരാജിനെ തഴഞ്ഞ സെലക്ടർമാരുടെ തീരുമാനത്തെ വിശകലനം ചെയ്ത് മുൻ താരം രവിചന്ദ്രൻ അശ്വിൻ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. തന്റെ യൂട്യൂബ് ചാനലായ ‘ആഷ് കി ബാത്തിലൂടെയാണ്’ അശ്വിൻ ടീം തിരഞ്ഞെടുപ്പിലെ ഈ തന്ത്രപരമായ മാറ്റത്തെക്കുറിച്ച് സംസാരിച്ചത്.
റിഷഭ് പന്തിനെ ടീമിലെടുത്തത് അദ്ദേഹത്തിന്റെ മാത്രം നിലവാരം കൊണ്ടല്ലെന്നും മറിച്ച് ടീമിന് ഒരു ഇടംകൈയ്യൻ ബാറ്ററെ ആവശ്യമായതുകൊണ്ടാണെന്നും അശ്വിൻ ചൂണ്ടിക്കാട്ടി. മധ്യനിരയിലെ സ്ഥാനത്തിനായി റുതുരാജും പന്തും തമ്മിൽ വലിയ പോരാട്ടം തന്നെ നടന്നിട്ടുണ്ടാകാം. അവിടെ പന്തിന് അനുകൂലമായി വന്ന ഏക ഘടകം അദ്ദേഹം ഇടംകൈയ്യൻ ബാറ്ററാണ് എന്നത് മാത്രമാണ്. മധ്യനിരയിൽ ഒരു ഇടംകൈയ്യൻ സാന്നിധ്യം വേണമെന്ന സെലക്ടർമാരുടെ കടുത്ത തീരുമാനമാണ് റുതുരാജിന് തിരിച്ചടിയായതെന്ന് അശ്വിൻ വ്യക്തമാക്കുന്നു.
Also Read: കോഹ്‌ലിയുടെ സിംഹാസനത്തിന് അരികിൽ വാർണർ! ടി20 സെഞ്ച്വറികളിൽ പുതിയ ചരിത്രം
റുതുരാജിനെ ഒരു മികച്ച മിഡിൽ ഓർഡർ ബാറ്ററായാണ് താൻ കാണുന്നതെന്ന് അശ്വിൻ പറഞ്ഞു. സ്പിന്നർമാരെ നേരിടാനുള്ള കഴിവും വിക്കറ്റുകൾക്കിടയിലെ വേഗവും റുതുരാജിന് മുൻതൂക്കം നൽകുന്നുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ടീമിലുള്ളപ്പോൾ ടോപ്പ് ഓർഡറിൽ റുതുരാജിന് സ്ഥാനം ലഭിക്കുക പ്രയാസകരമാണ്. അതേസമയം പന്തിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം മധ്യനിരയിൽ കളിക്കുന്നതിനേക്കാൾ ടോപ്പ് ഓർഡറിൽ കളിക്കുന്നതാണ് കൂടുതൽ ഫലപ്രദമെന്നും അശ്വിൻ തന്റെ വ്യക്തിപരമായ നിരീക്ഷണം പങ്കുവെച്ചു.
The post റുതുരാജിന് പകരം റിഷഭ് പന്ത്! സെലക്ടർമാരുടെ തീരുമാനത്തിന് പിന്നിലെ ആ ‘രഹസ്യം’ വെളിപ്പെടുത്തി അശ്വിൻ appeared first on Express Kerala.



