ഡ്രൈവിങ്ങിനിടെ ശ്രദ്ധ തെറ്റിയാൽ കനത്ത പിഴ; കർശന മുന്നറിയിപ്പുമായി അബുദാബി പൊലീസ്


വാഹനമോടിക്കുമ്പോൾ ശ്രദ്ധ തെറ്റിക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി അബുദാബി പൊലീസ് രംഗത്ത്. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള അശ്രദ്ധമായ പെരുമാറ്റങ്ങൾക്ക് 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ശിക്ഷയായി ലഭിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. നടുറോഡിൽ വാഹനം നിർത്തുന്നത് മൂലമുണ്ടാകുന്ന അപകടങ്ങളുടെ ദൃശ്യങ്ങൾ സഹിതമാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഗുരുതരമായ റോഡപകടങ്ങളിൽ 16 ശതമാനവും ഡ്രൈവറുടെ അശ്രദ്ധമൂലമാണ് സംഭവിക്കുന്നത് എന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
അടിയന്തര സാഹചര്യങ്ങളിൽ വാഹനം പെട്ടെന്ന് നടുറോഡിൽ നിർത്താതെ, അടുത്തുള്ള എക്സിറ്റിലേക്കോ സുരക്ഷിതമായ മറ്റ് ഇടങ്ങളിലേക്കോ മാറ്റാൻ ശ്രദ്ധിക്കണം. വാഹനം മാറ്റാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ ഉടൻ തന്നെ 999 എന്ന നമ്പറിൽ വിളിച്ച് സഹായം തേടേണ്ടതാണ്. പെട്ടെന്നുള്ള ദിശമാറ്റവും ശ്രദ്ധക്കുറവും വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്നതിനാൽ, യാത്രവേളകളിൽ റോഡിൽ പൂർണ്ണ ശ്രദ്ധ പുലർത്തണമെന്ന് ഡ്രൈവർമാരോട് പൊലീസ് അഭ്യർത്ഥിച്ചു.
The post ഡ്രൈവിങ്ങിനിടെ ശ്രദ്ധ തെറ്റിയാൽ കനത്ത പിഴ; കർശന മുന്നറിയിപ്പുമായി അബുദാബി പൊലീസ് appeared first on Express Kerala.

