
ഊണിന്റെ രുചി വർദ്ധിപ്പിക്കാൻ ഇനി പൈനാപ്പിൾ കൊണ്ടൊരു പ്രത്യേക അച്ചാർ പരീക്ഷിക്കാം. മധുരവും പുളിയും എരിവും കൃത്യമായ അളവിൽ ഒത്തുചേരുന്ന ഈ വിഭവം ചോറിനും ബിരിയാണിക്കും മാത്രമല്ല, ചപ്പാത്തിക്കും പൂരിക്കുമൊപ്പം മികച്ചൊരു കോമ്പിനേഷനാണ്. സാധാരണ പൈനാപ്പിൾ പച്ചടികളിൽ നിന്നും വേറിട്ടുനിൽക്കുന്ന ഈ റെസിപ്പി സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ശ്രദ്ധേയമായി കഴിഞ്ഞു. നല്ലെണ്ണയുടെ മണവും ഇഞ്ചി-വെളുത്തുള്ളി കൂട്ടുകളുടെ രുചിയും പൈനാപ്പിളിന്റെ സ്വാഭാവിക മധുരവുമായി ചേരുമ്പോൾ വിഭവം ഏറെ നാടൻ സ്വാദുള്ളതാകുന്നു.
ആവശ്യമായ ചേരുവകൾ
രണ്ട് കപ്പ് പൈനാപ്പിൾ കഷ്ണങ്ങൾ, രണ്ട് ടേബിൾസ്പൂൺ ഇഞ്ചി, 20 അല്ലി വെളുത്തുള്ളി, ഒരു ടേബിൾസ്പൂൺ നല്ലെണ്ണ, അര ടേബിൾസ്പൂൺ ജീരകം, എട്ട് പച്ചമുളക്, ഒരു സവാള എന്നിവയാണ് പ്രധാന ചേരുവകൾ. കൂടാതെ മഞ്ഞൾപ്പൊടി, കുരുമുളക്, പഞ്ചസാര, വിനാഗിരി, കായം, വറ്റൽമുളക് ചതച്ചത്, മല്ലിയില, നാരങ്ങാനീര് എന്നിവയും ആവശ്യമാണ്.
Also Read: നാൽപ്പതിലും തിളങ്ങി ദീപിക; ഫിറ്റ്‌നസ് രഹസ്യം വെളിപ്പെടുത്തി താരം
തയ്യാറാക്കുന്ന രീതി
ആദ്യം പൈനാപ്പിൾ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മാറ്റുക. ഇഞ്ചി-വെളുത്തുള്ളി മിശ്രിതം നന്നായി അരച്ചെടുക്കണം. ശേഷം ഒരു പാനിൽ നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകും ജീരകവും മഞ്ഞൾപ്പൊടിയും ചേർക്കുക. ഇതിലേക്ക് അരച്ചുവെച്ചിരിക്കുന്ന ഇഞ്ചി-വെളുത്തുള്ളി കൂട്ടും പച്ചമുളകും ചേർത്ത് വഴറ്റാം.
മിശ്രിതത്തിന്റെ നിറം മാറിത്തുടങ്ങുമ്പോൾ സവാള അരിഞ്ഞതും കുരുമുളകും ചേർത്ത് വീണ്ടും വഴറ്റുക. ആവശ്യത്തിന് ഉപ്പും പഞ്ചസാരയും ചേർത്ത് നന്നായി യോജിപ്പിക്കണം. ഇതിലേക്ക് കായപ്പൊടി, വറ്റൽമുളക് ചതച്ചത്, മല്ലിയില എന്നിവ കൂടി ചേർക്കാം. അവസാനം ഒരു നാരങ്ങയുടെ നീര് കൂടി ചേർത്ത ശേഷം അടുപ്പണയ്ക്കാം. ഈ കൂട്ട് നന്നായി തണുത്തതിന് ശേഷം ഈർപ്പമില്ലാത്ത പാത്രത്തിൽ സൂക്ഷിച്ചു വെക്കാവുന്നതാണ്.
ദഹനത്തിന് സഹായിക്കുന്ന കായവും ജീരകവും ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യപ്രദമായ ഒരു വിഭവം കൂടിയാണിതെന്ന് ധനലക്ഷ്മി തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു.
The post നാവിൽ കപ്പലോടിക്കും രുചി; പൈനാപ്പിൾ ഇനി ഇങ്ങനെ അച്ചാറാക്കി മാറ്റാം appeared first on Express Kerala.



