
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാനത്ത് ഇറച്ചിക്കോഴിക്കും മുട്ടയ്ക്കും വില കുതിച്ചുയരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇറച്ചിക്കോഴി വിലയിൽ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരു മാസത്തിനിടെ കിലോയ്ക്ക് 50 രൂപയോളമാണ് വർധിച്ചത്. ജീവനുള്ള കോഴിക്ക് ചില്ലറ വിപണിയിൽ 180 രൂപ വരെയാണ് ഇന്നത്തെ വില. കോഴി ഇറച്ചി വില കിലോയ്ക്ക് 270 രൂപ വരെ എത്തിയിട്ടുണ്ട്. ഫാമുകളിൽ നിന്ന് കർഷകർ വിൽക്കുന്ന മൊത്തവില കിലോയ്ക്ക് 150 രൂപയ്ക്ക് മുകളിലാണെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. തീറ്റസാധനങ്ങളുടെ വിലവർദ്ധനവും ഉൽപ്പാദനത്തിലെ കുറവുമാണ് ഈ വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മണ്ഡലകാലമായതിനാൽ ഡിസംബറിൽ ആവശ്യം കുറയുമെന്ന് കരുതി ചെറുകിട കർഷകർ ഉൽപ്പാദനം കുറച്ചിരുന്നു. എന്നാൽ പതിവിന് വിപരീതമായി ഇറച്ചിക്കോഴിക്ക് ഡിമാൻഡ് വർധിച്ചതാണ് വില ഉയരാൻ കാരണമായത്. സാധാരണ 3540 രൂപയായിരുന്ന കോഴിക്കുഞ്ഞുങ്ങളുടെ വില 50 രൂപയ്ക്ക് മുകളിൽ എത്തിയത് കർഷകർക്ക് വലിയ തിരിച്ചടിയായി. കോഴിത്തീറ്റയുടെ അമിതമായ വിലവർദ്ധനവും കുഞ്ഞുങ്ങൾക്കുണ്ടായ രോഗബാധയും കാരണം പുതിയ ബാച്ചുകളെ വളർത്താൻ കർഷകർ മടിച്ചു നിൽക്കുകയാണ്. ഡിസംബർ ആദ്യം 120 രൂപയായിരുന്ന കോഴി വില ക്രിസ്മസ് കാലത്ത് 145 രൂപയായും ഇപ്പോൾ 180 രൂപയിലേക്കും ഉയർന്നു. വരും ദിവസങ്ങളിലും വിപണിയിൽ വില കുറയാൻ സാധ്യതയില്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.
Also Read: എയർ ഇന്ത്യയിൽ അഴിച്ചുപണി; സി.ഇ.ഒ ഉൾപ്പെടെയുള്ള ഉന്നത നേതൃത്വത്തെ മാറ്റാൻ ടാറ്റ
സംസ്ഥാനത്ത് മുട്ടയ്ക്കും വില വർധിച്ചിട്ടുണ്ട്. കോഴിക്കും മുട്ടയ്ക്കും വില അനിയന്ത്രിതമായി വർധിക്കുന്നത് സാധാരണക്കാരെയും വ്യാപാരികളെയും ഒരുപോലെ ദുരിതത്തിലാക്കുന്നു. ഇറച്ചിക്കോഴി വില കുതിച്ചുയർന്നതോടെ ഹോട്ടൽ വിഭവങ്ങളുടെ വിലയും വർദ്ധിച്ചു തുടങ്ങിയിരിക്കുകയാണ്.
നവംബറിൽ 6 രൂപയായിരുന്ന മുട്ടയ്ക്ക് ഇപ്പോൾ കേരളത്തിൽ ശരാശരി 8 രൂപയാണ് ചില്ലറ വില. ഉത്തരേന്ത്യയിൽ തണുപ്പുകാലം തുടങ്ങിയതോടെ ഉണ്ടായ ഡിമാൻഡും വിദേശത്തേക്കുള്ള കയറ്റുമതി വർദ്ധിച്ചതും തിരിച്ചടിയായി. തമിഴ്നാട്ടിലെ നാമയ്ക്കലിലും മുട്ടവില വർദ്ധിച്ചിട്ടുണ്ട്. മലയാളി പ്രതിവർഷം ഉപയോഗിക്കുന്ന 560 കോടി മുട്ടയിൽ 300 കോടിയും ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്.
The post ഡിസംബറിലെ പതിവ് തെറ്റി; സംസ്ഥാനത്ത് കോഴി വില കുതിക്കുന്നു, ഹോട്ടൽ വിഭവങ്ങൾക്കും വിലയേറും appeared first on Express Kerala.



