loader image
ശ്രീലേഖ മാത്രമല്ല, ശബരിനാഥനും ശരിക്കും വെട്ടിലായി, കോർപ്പറേഷൻ കൗൺസിലർ മാത്രമായി ഇനി തുടരേണ്ടി വരും…

ശ്രീലേഖ മാത്രമല്ല, ശബരിനാഥനും ശരിക്കും വെട്ടിലായി, കോർപ്പറേഷൻ കൗൺസിലർ മാത്രമായി ഇനി തുടരേണ്ടി വരും…

ശ്രീലേഖയെ ബി.ജെ.പി പറഞ്ഞ് പറ്റിച്ചതായ വെളിപ്പെടുത്തലാണല്ലോ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ശ്രീലേഖ തന്നെയാണ് ഇത്തരം ഒരു പരസ്യ പ്രതികരണം ഇപ്പോൾ നടത്തിയിരിക്കുന്നത്. മാത്രമല്ല, നിയമസഭയിലേക്ക് മത്സരിക്കാൻ ഇല്ലന്നും അവർ പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പിയെ സംബന്ധിച്ച് ഇത് വൻ പ്രഹരമാണ് എന്ന കാര്യത്തിൽ സംശയമില്ല. പറഞ്ഞ് പറ്റിക്കുന്ന പാർട്ടി എന്ന ഇമേജാണ്, ബി.ജെ.പിക്ക് ശ്രീലേഖ തന്നെ ഇപ്പോൾ ചാർത്തി കൊടുത്തിരിക്കുന്നത്. മേയറാക്കാം എന്ന് ഉറപ്പ് നൽകിയതിനാലാണ് മത്സരിച്ചത് എന്ന് ശ്രീലേഖ പറയുമ്പോൾ, അത് അവിശ്വസിക്കേണ്ട കാര്യം നമുക്കില്ലല്ലോ. മാത്രമല്ല, ഇക്കാര്യം പ്രചരണ വേളയിൽ ഇക്കാരും ബി.ജെ.പി പാളയത്തിൽ നിന്നു തന്നെ ഉയർന്ന് കേട്ടതുമാണ്. ഒരു കോർപ്പറേഷൻ കൗൺസിലർ മാത്രം ആയി ഒതുങ്ങി നിൽക്കാൻ, എന്തായാലും ഡി.ജി.പി തസ്തികയിൽ ഇരുന്ന് സർവ്വീസിൽ നിന്നും വിരമിച്ച ശ്രീലേഖ തയ്യാറാകില്ലന്നതിനാൽ, കുറേ വോട്ട് ആ ഇനത്തിലും ബി.ജെ.പി നഗരസഭയിൽ നേടിയിട്ടുണ്ട്. അതിൽ സംശയമില്ല.

ബി.ജെ.പി നേതൃത്വത്തെ ഒന്നാകെ ഞെട്ടിച്ച വെളിപ്പെടുത്തലായി ശ്രീലേഖയുടെ തുറന്നു പറച്ചിൽ മാറിയിട്ടുണ്ട്. പറഞ്ഞത് പറഞ്ഞത് തന്നെ ആയതിനാൽ, ഇത് രാഷ്ട്രീയമായി ബി.ജെ.പിക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കാൻ പോകുന്നത്. ഒരു സ്ത്രീയെ പറഞ്ഞ് പറ്റിച്ചു എന്ന് പറയുന്ന അവസ്ഥയിലേക്ക് കൂടി കാര്യങ്ങൾ പോകുന്നത്, നിയമസഭാ തിരഞ്ഞെടുപ്പിൽ അവർക്ക് വെല്ലുവിളിയാകാനാണ് സാധ്യത.

ലോകസഭ തിരഞ്ഞെടുപ്പിലെ കണക്കുകൾ വച്ചു പരിശോധിച്ചാൽ, തിരുവനന്തപുരം ജില്ലയിലെ 5 നിയമസഭ മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് മുൻ തൂക്കമുണ്ട്. ഈ കണക്ക് കൂടി മുൻ നിർത്തിയാണ്, 10 സീറ്റുകൾ ഇത്തവണ നേടുമെന്ന ആത്മവിശ്വാസം ബി.ജെ.പി പ്രകടിപ്പിക്കുന്നത്. ആ ആത്മവിശ്വാസത്തിന് സ്വന്തം പാളയത്തിൽ നിന്നുള്ള ഒന്നാംന്തരം പാരയായും ശ്രീലേഖയുടെ പ്രതികരണത്തെ വിലയിരുത്താവുന്നതാണ്. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കൂടിയായതിനാൽ ഈ പ്രതികരണത്തിന്, ദേശീയ തലത്തിലും വലിയ പ്രാധാന്യം ഉണ്ടാകും.

Also Read: ഇറാൻ മുതൽ ഇറാഖ് വരെ; ഇപ്പോൾ വെനിസ്വേലയും! ലിബിയയും അഫ്ഗാനിസ്ഥാനും വെനിസ്വേലയിൽ ആവർത്തിക്കുമോ? ചരിത്രം നൽകുന്ന മുന്നറിയിപ്പുകൾ

ബി ജെ പിയിലെ ചേരിപ്പോര് തന്നെയാണ് ശ്രീലേഖ തഴയപ്പെടാൻ പ്രധാന കാരണം. ശ്രീലേഖയെ മേയറാക്കാൻ ശ്രമിച്ചതും, അതിനായി അവരെ സമീപിച്ച് മത്സരിപ്പിച്ചതും എല്ലാം, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ജനറൽ സെക്രട്ടറി എസ് സുരേഷും ഉൾപ്പെടെ ഉള്ളവരാണ്. ഈ ഗ്രൂപ്പിന് എതിരെ പാർട്ടിയിൽ നിൽക്കുന്ന കെ സുരേന്ദ്രൻ – വി മുരളീധരൻ വിഭാഗങ്ങളാണ് തിരഞ്ഞെടുപ്പിന് ശേഷം ഇത്തരമൊരു നീക്കം പൊളിച്ചിരിക്കുന്നത്. അതിന് അവർക്ക് ആർ.എസ്. എസ് നേതൃത്വത്തിൻ്റെ പിന്തുണ കൂടി ലഭിച്ചതാണ് കാര്യങ്ങൾ എളുപ്പമാക്കിയിരിക്കുന്നത്. ശ്രീലേഖയെ പ്രകോപിപ്പിക്കാതിരിക്കാനാണ്, വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാമെന്ന വാഗ്ദാനം സംസ്ഥാന നേതൃത്വം മുന്നോട്ട് വച്ചിരിക്കുന്നത്. എന്നാൽ, സ്ഥലം എം.എൽ.എ വി.കെ പ്രശാന്തുമായി ഉണ്ടായ ഓഫീസ് തർക്കം കൂടി ആയപ്പോൾ, അവർക്ക് ശരിക്കും മടുത്തു എന്നു വേണം കരുതാൻ, മാത്രമല്ല, വട്ടിയൂർക്കാവിൽ വിജയ സാധ്യത കുറവായതും, ഇനി മത്സരിക്കാനില്ല എന്ന ശ്രീലേഖയുടെ തീരുമാനത്തിന് പിന്നിലുണ്ട്. ഐ.പി.എസ് ഓഫീസർ എന്ന നിലയിൽ ഉണ്ടാക്കിയ പ്രശസ്തി, രാഷ്ട്രീയത്തിൽ ഇറങ്ങി കളയുന്നതിൽ, ശ്രീലേഖയുടെ അടുപ്പക്കാർക്കിടയിലും വലിയ വിഷമമുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് ഇനി അവർ രാഷ്ട്രീയത്തോട് തന്നെ ഗുഡ് ബൈ പറഞ്ഞാലും അത്ഭുതപ്പെടാനില്ല.

See also  മാത്യു തോമസും ദേവികയും ഒന്നിക്കുന്ന ഫാമിലി എന്റർടെയ്‌നർ; ‘സുഖമാണോ സുഖമാണ്’ ട്രെയ്‌ലർ പുറത്തിറങ്ങി

ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവച്ചാൽ, ബി.ജെ.പി ഭരണം തന്നെ താഴെ പോകും. 101 അംഗ കോർപ്പറേഷനിൽ 50 അംഗങ്ങളാണ് ബി.ജെ.പിക്ക് ഉള്ളത്. ഇപ്പോൾ ഒരു സ്വന്തന്ത്ര അംഗം പിന്തുണയ്ക്കുന്നുണ്ട് എങ്കിലും, അതിൻ്റെ ലൈഫ് എത്രമാത്രം എന്നത് ഉറപ്പിച്ച് പറയാൻ പറ്റുന്ന കാര്യമെന്നുമല്ല. ഇനി തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന വിഴിഞ്ഞം വാർഡിൽ നിന്നും ബി.ജെ.പി ജയിക്കില്ലന്നതും ഉറപ്പാണ്. ഈ സാഹചര്യത്തിൽ, ശ്രീലേഖ രാജിവച്ചാൽ, അവിടെ ഒരു ഉപതിരഞ്ഞെടുപ്പ് നടന്നാൽ, ഇടതുപക്ഷവും യു.ഡി.എഫും ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള എല്ലാ ശ്രമവും നടത്തും. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാകും അത്തരം ഒരു ഉപതിരഞ്ഞെടുപ്പ് വരിക എന്നതിനാൽ, ഒരു പൊതുസമ്മതൻ സ്ഥാനാർത്ഥി ആയി ബി.ജെ.പിക്ക് എതിരെ വന്നാലും അത്ഭുതപ്പെടാനില്ല. അങ്ങനെയൊക്കെ സംഭവിച്ചാൽ, സാക്ഷാൽ മോദി പോലും ആഘോഷിച്ച തിരുവനന്തപുരം കോർപ്പറേഷൻ ഭരണമാണ് ബി.ജെ.പിക്ക് നഷ്ടമാവുക. അതുകൊണ്ട് തന്നെ, ശ്രീലേഖയെ പിണക്കാതെ ഒപ്പം നിർത്താനുള്ള വഴി തന്നെയാണ് ബി.ജെ.പി നോക്കുക. അതു തന്നെയാണ് ഇനി സംഭവിക്കാൻ പോകുന്നത്.

അതേസമയം, നിയമസഭാ സീറ്റ് ഈ കാരണങ്ങൾ കൊണ്ട് തന്നെ തനിക്ക് ലഭിക്കില്ലന്ന് തിരിച്ചറിഞ്ഞത് കൊണ്ടായിരിക്കും ഒരു പക്ഷേ ശ്രീലേഖ മത്സരിക്കാനില്ലന്ന് ഇപ്പോൾ പറഞ്ഞത് എന്ന പ്രചരണവും വ്യാപകമായി ഇപ്പോൾ നടക്കുന്നുണ്ട്.

Also Read: അമേരിക്കൻ പിടിയിലായ മഡുറോയും സത്യസായി ബാബയും തമ്മിലെന്ത്? പുറത്തുവരുന്നത് അധികമാരും അറിയാത്ത കഥകൾ…

അതിനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയുകയില്ല. കാരണം, നിയമസഭയിലേക്ക് മത്സരിച്ച് അഥവാ ജയിച്ചാൽ, കോർപ്പറേഷൻ കൗൺസിലർ സ്ഥാനം അവർക്ക് രാജിവയ്ക്കേണ്ടതായി വരും , അങ്ങനെ ഒരു റിസ്ക്ക് എടുക്കാൻ ബി.ജെ.പി തയ്യാറാകില്ലന്ന് തിരിച്ചറിയാനുള്ള വിവേകമൊക്കെ , മുൻ ഐ.പി.എസ് ഓഫീസറായ ശ്രീലേഖയ്ക്ക് ഉണ്ടല്ലോ ? ഒരു മുഴം മുൻപേ എറിഞ്ഞ്, മാനക്കേട് ഒഴിവാക്കാനാണ് അവരിപ്പോർ ശ്രമിച്ചിരിക്കുന്നത്. അങ്ങനെയും ഈ ഘട്ടത്തിൽ വിലയിരുത്താൻ പറ്റും.

See also  ഭംഗി കണ്ട് മയങ്ങരുത്, ഈ ‘കൊച്ചു സുന്ദരൻ’ ഒരൊന്നൊന്നര വില്ലനാണ്; ആന്റി വെനം പോലുമില്ലാത്ത മാരക വിഷം!

ശ്രീലേഖയെ പോലെ തന്നെ, കെ.എസ് ശബരിനാഥനും കോർപ്പറേഷൻ കൗൺസിലറായി ജയിച്ച് കുടുങ്ങി എന്നു തന്നെയാണ് ഞാൻ കരുതുന്നത്. ശബരീനാഥൻ നിയമസഭയിലേക്ക് മത്സരിച്ചാൽ, ബി.ജെ.പിക്ക് കോർപ്പറേഷനിൽ ഭൂരിപക്ഷം ഉറപ്പിച്ച് നൽകാനുള്ള മത്സരമായി അതിനെ ചിത്രീകരിച്ച്, സംസ്ഥാനത്ത് മൊത്തം അതിൻ്റെ നേട്ടം കൊയ്യാൻ ഇടതുപക്ഷം ശ്രമിക്കും. കാരണം, ഒരു ഉപതിരഞ്ഞെടുപ്പ് നടന്നാൽ, ശബരിനാഥൻ ജയിച്ച കവടിയാർ സീറ്റ് നിലനിർത്താൻ കോൺഗ്രസ്സിന് കഴിയുകയില്ല. കേവലം 74 വോട്ടുകൾക്ക് മാത്രമാണ് ഈ കോർപ്പറേഷൻ വാർഡിൽ നിന്നും ശബരി ജയിച്ചിരിക്കുന്നത്. അതു തന്നെ, ബി.ജെ.പി റിബൽ നൂറിൽ ഏറെ വോട്ടുകൾ പിടിച്ചതു കൊണ്ടു മാത്രമാണ്. ഈ കാരണം നിരത്തി ഇടതുപക്ഷം ആഞ്ഞടിച്ചാൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിൻ്റെ വഞ്ചിയാണ് ആടി ഉലയുക. അങ്ങനെ ഒരു സാഹചര്യം, കോൺഗ്രസ്സ് നേതൃത്വം സൃഷ്ടിക്കുവാൻ സാധ്യത കുറവാണ്.

ബുദ്ധിയുണ്ടെങ്കിൽ, അങ്ങനെ ഒരു സാഹസത്തിന് കോൺഗ്രസ്സ് നേതൃത്വം മുതിരാൻ സാധ്യതയില്ലന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്. മാത്രമല്ല, ശബരിനാഥനോടും അദ്ദേഹത്തിൻ്റെ ഭാര്യ ദിവ്യ എസ് അയ്യരോടും കോൺഗ്രസ്സിൽ തന്നെ എന്തിർപ്പ് ശക്തമായതിനാൽ, ശബരിയെ കോർപ്പറേഷൻ കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത് തന്നെ, ഒരു ഒതുക്കൽ നടപടിയുടെ ഭാഗമായാണ് ആ പാർട്ടിയിലെ ഒരു വിഭാഗവും കാണുന്നത്.

രണ്ട് തവണ എം.എൽ.എ ആയി ജയിച്ച ശബരിനാഥൻ, ഇത്തവണ യു.ഡി.എഫിന് ഭരണം ലഭിച്ചാൽ മന്ത്രിസ്ഥാനത്തിനുള്ള ഒരു കാൻഡിഡേറ്റാണ്. ഇത് മനസ്സിലാക്കി തന്നെയാണ് അദ്ദേഹത്തെ കോർപ്പറേഷനിൽ തളച്ചിടാൻ ശ്രമിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഹൈക്കമാൻ്റ് വിചാരിച്ചാൽ പോലും, ശബരിനാഥിനെ നിയമസഭയിലേക്ക് മത്സരിപ്പിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത് എന്നത് എന്തായാലും പറയാതിരിക്കാൻ കഴിയുകയില്ല.

EXPRESS VIEW

വീഡിയോ കാണാം…

The post ശ്രീലേഖ മാത്രമല്ല, ശബരിനാഥനും ശരിക്കും വെട്ടിലായി, കോർപ്പറേഷൻ കൗൺസിലർ മാത്രമായി ഇനി തുടരേണ്ടി വരും… appeared first on Express Kerala.

Spread the love

New Report

Close