
ശബരിമലയിൽ പ്രതികൾ ലക്ഷ്യമിട്ടത് അതീവ ഗുരുതരമായ വൻ കവർച്ചയാണെന്ന് പ്രത്യേക അന്വേഷണസംഘം (SIT) ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. പ്രതികളായ പങ്കജ് ഭണ്ടാരി, ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ, സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റി എന്നിവർ ചേർന്നാണ് കവർച്ചാ പദ്ധതി ആസൂത്രണം ചെയ്തതെന്ന് എസ്.ഐ.ടി കോടതിയെ അറിയിച്ചു. ഗോവർദ്ധന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സമർപ്പിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുള്ളത്.
2025 ഒക്ടോബറിൽ പ്രതികൾ ബെംഗളൂരുവിൽ വെച്ച് ഗൂഢാലോചന നടത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. ശബരിമല കേസ് ഹൈക്കോടതി പരിഗണിച്ചിരുന്ന സമയത്താണ് ഈ രഹസ്യനീക്കം നടന്നതെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. കവർച്ചാ വിവരം പുറത്തായതോടെ, ഗൂഢാലോചന മറച്ചുവെക്കാൻ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ബെംഗളൂരുവിലേക്ക് കടത്താനും പ്രതികൾ ശ്രമിച്ചു. ശബരിമലയിലെ വഴിപാടുകളുമായി ബന്ധപ്പെട്ട് വിവിധ അക്കൗണ്ടുകളിലേക്ക് വൻതോതിൽ പണം എത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഈ പണം കുറ്റകൃത്യം മറച്ചുവെക്കാൻ ഉപയോഗിച്ചതായാണ് സൂചന. ദുരൂഹമായ ഈ അക്കൗണ്ടുകളെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്. കവർച്ചയുടെ വ്യാപ്തി പൂർണ്ണമായും വ്യക്തമാകാൻ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും അതുവരെ പ്രതികൾക്ക് ജാമ്യം നൽകരുതെന്നും എസ്.ഐ.ടി വാദിച്ചു.
Also Read മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി.കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു
അന്വേഷണം പൂർത്തിയാക്കാൻ ആറാഴ്ചത്തെ സമയം കൂടി ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്. ഈ മാസം 19-ന് എസ്.ഐ.ടി അടുത്ത ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. അന്വേഷണ സംഘത്തിലേക്ക് പുതുതായി ഉൾപ്പെടുത്തിയ ഉദ്യോഗസ്ഥർക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്ന ആരോപണത്തെത്തുടർന്ന്, അവർക്ക് പകരം പുതിയ രണ്ട് ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും എസ്.ഐ.ടി കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ച് ഇതിന് അനുമതി നൽകി.
The post ശബരിമലയിൽ ലക്ഷ്യമിട്ടത് വൻ കവർച്ച; ഗൂഢാലോചന നടന്നത് ബെംഗളൂരുവിൽ, വിവരങ്ങൾ പുറത്തുവിട്ട് SIT appeared first on Express Kerala.



