“ധൈര്യമുണ്ടെങ്കിൽ എന്നെ വന്ന് കൊണ്ടുപോകൂ, ഞാൻ ഇവിടെ നിങ്ങൾക്കായി കാത്തിരിക്കുന്നു! കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ അമേരിക്കയെ നോക്കി ഉറക്കെ വിളിച്ചുപറഞ്ഞ വാക്കുകളാണിത്, “അവർ ബോംബിട്ടാൽ, ഇവിടുത്തെ പാവപ്പെട്ട കൃഷിക്കാർ പർവതങ്ങളിലെ ആയിരക്കണക്കിന് ഗറില്ലകളായി മാറും. ജനങ്ങൾ സ്നേഹിക്കുന്ന പ്രസിഡന്റിനെ തൊട്ടാൽ അവർ തങ്ങളുടെ ഉള്ളിലെ ‘ജാഗ്വാറിനെ’ അഴിച്ചുവിടും” എന്ന പെട്രോയുടെ വാക്കുകൾ വെറുമൊരു പ്രസംഗമല്ല, മറിച്ച് ദശകങ്ങളോളം ഗറില്ലാ പോരാട്ടങ്ങൾ കണ്ട ഒരു നാടിന്റെ പോരാട്ടവീര്യമാണ്.
വിദേശ രാജ്യങ്ങളിൽ അനാവശ്യ യുദ്ധങ്ങൾ അഴിച്ചുവിട്ട് അമേരിക്കൻ ഖജനാവ് മുടിക്കുന്ന ട്രംപിനെ പടിയടച്ച് പിണ്ഡം വെക്കാൻ സ്വന്തം നാട്ടിൽ തന്നെ പദ്ധതിയൊരുങ്ങുന്നതായ വാർത്തകളാണിപ്പോൾ പുറത്തു വരുന്നത്. റഷ്യയും ചൈനയും ഉത്തരകൊറിയയും ഇറാനും അടങ്ങുന്ന ആഗോള സഖ്യം രൂപപ്പെടുമ്പോൾ ട്രംപ് എന്നേക്കുമായി ഒറ്റപ്പെടുകയാണ്. ഈ തിരിച്ചടികൾക്കിടയിൽ പെട്രോയെപ്പോലൊരു ജനകീയ നേതാവിനെതിരെ തിരിയുന്നത് ട്രംപിന്റെ രാഷ്ട്രീയ ശവക്കുഴി തോണ്ടുന്നതിന് തുല്യമായിരിക്കും എന്നതിൽ സംശയമില്ല.
Also Read: ഇറാൻ, അഫ്ഗാനിസ്ഥാൻ, എത്യോപ്യ, നേപ്പാൾ, പിന്നെ ഉത്തര കൊറിയയും! ഇനിയില്ലേ? ഇനിയുമുണ്ട് രഹസ്യങ്ങൾ
മഡുറോയെ പരിഹസിക്കുന്ന വീഡിയോകൾ വൈറ്റ് ഹൗസ് പുറത്തുവിട്ട് ആവേശം കൊള്ളുമ്പോൾ, ട്രംപ് മറന്നുപോകുന്ന ഒരു സത്യമുണ്ട്, ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ആത്മവീര്യം ആയുധങ്ങൾ കൊണ്ട് അടിച്ചമർത്താനാവില്ല എന്നത്. മുൻപ് പലതവണ എടുത്തുചാടി തീരുമാനങ്ങൾ എടുത്ത് ലോകത്തിന് മുന്നിൽ നാണംകെട്ട് പിന്മാറേണ്ടി വന്ന ചരിത്രവും ട്രംപിനെ വേട്ടയാടുകയാണ്.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽ പറത്തി പിടികൂടിയ ട്രംപിന്റെ ഗർവ്വിനുള്ള കൃത്യമായ മറുപടി കൂടിയാണിത്. പക്ഷേ, ലോകത്തെ വിറപ്പിക്കാൻ നോക്കുന്ന ട്രംപ് ഇന്ന് സ്വന്തം നാട്ടിൽ ഒറ്റപ്പെടുകയാണ്. ഒരു വശത്ത് ലോകശക്തികളുടെ പടയൊരുക്കം, മറുവശത്ത് തന്റെ അധികാരക്കസേര തെറിപ്പിക്കാൻ കാത്തിരിക്കുന്ന ഇംപീച്ച്‌മെന്റ് നടപടികൾ! ചരിത്രത്തിൽ മുൻപ് ചെയ്ത മണ്ടത്തരങ്ങൾക്ക് മാപ്പു പറഞ്ഞ് നാണംകെട്ട് മടങ്ങേണ്ടി വന്ന ആ പഴയ കാലത്തിലേക്ക് ട്രംപ് വീണ്ടും കൂപ്പുകുത്തുകയാണോ?
പുറംലോകത്തിന് മുന്നിൽ ശക്തനാണെന്ന് കാണിക്കാൻ ലാറ്റിൻ അമേരിക്കൻ നേതാക്കളെ ഭീഷണിപ്പെടുത്തുമ്പോൾ, ഉള്ളിൽ ട്രംപ് വലിയൊരു ഇംപിച്ച്‌മെന്റ് ഭീതിയിലാണ്. അമേരിക്കൻ കോൺഗ്രസ്സിലെ എതിരാളികൾ അദ്ദേഹത്തിന്റെ ഓരോ ചലനവും നിരീക്ഷിക്കുകയാണ്.
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക അധിനിവേശത്തിലൂടെ നിക്കോളാസ് മഡുറോയും ഭാര്യ സിലിയ ഫ്ലോറും തടവിലാക്കപ്പെട്ടതിന് പിന്നാലെയാണ് ലാറ്റിൻ അമേരിക്കയിൽ പുതിയൊരു യുദ്ധകാഹളം മുഴങ്ങുന്നത്. കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയെ വ്യക്തിപരമായി അധിക്ഷേപിച്ച ട്രംപിന് ലഭിച്ചിരിക്കുന്നത് കനത്ത പ്രഹരമാണ്.
തന്റെ പ്രവൃത്തികൾ ശ്രദ്ധിക്കണമെന്നും “കഴുതയെ ശ്രദ്ധിക്കണം” എന്നുമുള്ള ട്രംപിന്റെ തരംതാഴ്ന്ന പരിഹാസത്തിന് മുന്നിൽ പെട്രോ കുലുങ്ങിയില്ല. പകരം, 1990-കളിൽ കയ്യിലേന്തിയ ആയുധം രാജ്യത്തിന് വേണ്ടി വീണ്ടും എടുക്കാൻ താൻ തയ്യാറാണെന്ന പ്രഖ്യാപനത്തിലൂടെ ട്രംപിന്റെ വീരവാദത്തിന്റെ മുനയൊടിച്ചിരിക്കുകയാണ് അദ്ദേഹം.
അമേരിക്കൻ അഹങ്കാരത്തിന് കാലം കരുതിവെച്ച തിരിച്ചടിയാണ് ഗുസ്താവോ പെട്രോയുടെ ഈ വെല്ലുവിളി. തോക്കിൻകുഴലിലൂടെ രാജ്യങ്ങളെ കീഴ്‌പ്പെടുത്താമെന്ന കാലം അവസാനിച്ചുവെന്ന് ട്രംപ് തിരിച്ചറിയുന്നില്ല.
ഒരു കാലത്ത് അധിനിവേശങ്ങൾ നടത്തി വിജയിച്ചുവെന്ന് നടിച്ചവർ പിന്നീട് മാപ്പുപറഞ്ഞ് പടിയിറങ്ങിയ ചരിത്രം ആവർത്തിക്കപ്പെടാൻ പോകുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വ്യക്തമാക്കുന്നത്. ജനതയുടെ പോരാട്ടവീര്യത്തെ ബോംബുകൾ കൊണ്ട് നേരിടാൻ നോക്കുന്ന ട്രംപ്, ഒടുവിൽ തന്റെ അധികാരക്കസേരയിൽ നിന്ന് അപമാനിതനായി പുറത്തുപോകേണ്ടി വരുമെന്നുറപ്പാണ്.
The post ‘ധൈര്യമുണ്ടെങ്കിൽ എന്നെ വന്ന് കൊണ്ടുപോകൂ’, കൊളംബിയൻ സിംഹത്തിന്റെ വെല്ലുവിളി! വിദേശത്ത് യുദ്ധം, നാട്ടിൽ ഇംപീച്ച്‌മെന്റ്, കാലിടറി ട്രംപ് appeared first on Express Kerala.



