ആഗോള വിപണിയിൽ കോപ്പർ വില കുതിച്ചുയരുന്നു, ഇലക്ട്രിക്കൽ ഉപകരണങ്ങൾക്കും എസിക്കും ഫ്രിഡ്ജിനുമെല്ലാം വില വർധിച്ചേക്കും. വീടുകളിലെ വയറിങ്ങിന് ഉൾപ്പടെ ചെലവേറും
Current: മലയാളം

കോട്ടയം: ആഗോള വിപണിയിൽ ചെമ്പിന്റെ (കോപ്പർ) വില കുതിച്ചുയരുന്നത് നിർമാണ മേഖലയ്ക്കും സാധാരണക്കാർക്കും വൻ തിരിച്ചടിയാകുന്നു.
അന്താരാഷ്ട്ര വിപണിയിൽ കോപ്പർ വില ടണ്ണിന് 14,000 ഡോളറിന് മുകളിലെത്തിയതോടെ, ഇലക്ട്രിക് വാഹനങ്ങൾ, എയർ കണ്ടീഷണറുകൾ, റഫ്രിജറേറ്ററുകൾ എന്നിവയുടെ ഉൽപ്പാദനച്ചെലവ് കുത്തനെ ഉയരും.
ഇത് ഉപഭോക്താക്കൾക്ക് വിലവർധനയായി പ്രതിഫലിക്കുമെന്നാണ് സൂചന.
വീടുകളിലെ വയറിങ്, റഫ്രിജറേറ്റർ, എ.സി, സോളാർ സിസ്റ്റം, ഇലക്ട്രിക് കാറുകൾ എന്നിവയിലെല്ലാം കോപ്പർ പ്രധാന ഘടകമാണ്.
ഏപ്രിൽ – സെപ്റ്റംബർ കാലയളവിൽ മാത്രം 12 ശതമാനത്തിലധികമാണ് കോപ്പറിന് വില ഉയർന്നത്.
വയറുകൾ, മോട്ടറുകൾ, കേബിളുകൾ, ലിഫ്റ്റുകൾ, ജനറേറ്ററുകൾ എന്നിവയുടെ വില ഉയരുന്നത് വീടുനിർമാണത്തിലും വാണിജ്യ കെട്ടിട പദ്ധതികളിലും ചെലവ് കൂട്ടും. മൊത്തം നിർമാണച്ചെലവിൽ 0.75 മുതൽ 1 ശതമാനം വരെ വർധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ചെറുകിട യൂണിറ്റുകൾ പ്രതിസന്ധിയിൽ
ഇലക്ട്രിക്കൽ പാനലുകൾ, ട്രാൻസ്ഫോർമറുകൾ, പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ എന്നിവ നിർമിക്കുന്ന കേരളത്തിലെ ചെറുകിട സ്ഥാപനങ്ങളെയാണ് ഈ വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിക്കുന്നത്.
വൻകിട കമ്പനികൾക്ക് മുൻകൂട്ടി അസംസ്കൃത വസ്തുക്കൾ സംഭരിക്കാനും വില സംരക്ഷണ കരാറുകളിൽ ഏർപ്പെടാനും സാധിക്കുമ്പോൾ, പരിമിതമായ സാമ്പത്തിക ശേഷിയുള്ള ചെറുകിട മേഖലയ്ക്ക് ഇത് കനത്ത വെല്ലുവിളിയാകുകയാണ്.




