ഐഐടി ബോംബെയിൽ പ്രതിഷേധം ശക്തം; 18 ആവശ്യങ്ങളിൽ വിദ്യാർഥികളുമായി ചർച്ച നടത്തി അധികൃതർ | IIT Bombay protests
Current: മലയാളം

മുംബൈ: ഐഐടി ബോംബെയിൽ 22കാരനായ വിദ്യാർഥി സാഹിൽ രവീന്ദ്ര വാകോഡെ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ വിദ്യാർഥികളുമായി ചർച്ച നടത്തി അധികൃതർ. അക്കാദമിക് കമ്മിറ്റികളിൽ വിദ്യാർഥി പ്രാതിനിധ്യം ഉറപ്പാക്കുക, ക്യാമ്പസിലെ ആത്മഹത്യാ സംഭവങ്ങളിൽ സ്വതന്ത്ര അന്വേഷണം നടത്തുക, അധ്യാപകർക്കായി മാനസികാരോഗ്യ ശിൽപശാലകൾ സംഘടിപ്പിക്കുക തുടങ്ങിയ 18 ആവശ്യങ്ങളാണ് പ്രതിഷേധക്കാർ മുന്നോട്ടുവച്ചത്. (IIT Bombay protests)
വെള്ളിയാഴ്ചയാണ് മഹാരാഷ്ട്രയിലെ യവത്മാൽ സ്വദേശിയായ രണ്ടാം വർഷ ബി.ടെക് വിദ്യാർഥി സാഹിൽ വാകോഡെയെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മിഡ്-സെമസ്റ്റർ പരീക്ഷയ്ക്കിടെ മൊബൈൽ ഫോണും ചാറ്റ് ജിപിയും ഉപയോഗിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് സംഭവം. പരീക്ഷാ ഇൻവിജിലേറ്റർ സൂര്യനാരായണ ദൂല്ല സ്ഥാപനത്തിന്റെ നിശ്ചിത നടപടിക്രമം മാത്രമാണ് പാലിച്ചതെന്നാണ് ഐഐടി ബോംബെ ഫാക്കൽറ്റി ഫോറത്തിന്റെ നിലപാട്. അതേസമയം, വിദ്യാർഥിയുടെ കുടുംബവും പ്രതിഷേധക്കാരും വാകോഡെ ക്യാമ്പസിൽ സ്ഥാപനതലത്തിലുള്ള പീഡനത്തിനും ജാതിവിവേചനത്തിനും ഇരയായിരുന്നുവെന്നാണ് ആരോപിക്കുന്നത്. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും അവർ ആരോപിച്ചു. സംഭവത്തിൽ വാകോഡെയുടെ മാതാപിതാക്കൾ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമപ്രകാരം കേസ് നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.
ഞായറാഴ്ച രാത്രി പ്രതിഷേധിച്ച വിദ്യാർഥികളുമായി ഐഐടി ബോംബെ അധികൃതർ കൂടിക്കാഴ്ച നടത്തി 18 ആവശ്യങ്ങളും പരിശോധിച്ചു. ആവശ്യങ്ങളിൽ സ്വതന്ത്ര അന്വേഷണത്തിനൊപ്പം അക്കാദമിക് തീരുമാനങ്ങളിലെ വിദ്യാർഥി പങ്കാളിത്തം വർധിപ്പിക്കൽ, അധ്യാപകർക്കുള്ള മാനസികാരോഗ്യ ബോധവത്കരണം തുടങ്ങിയ വിഷയങ്ങളും ഉൾപ്പെടുന്നു. ആവശ്യങ്ങളിൽ സ്ഥാപനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചർച്ച നടന്നെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാൻ വിദ്യാർഥികൾ തയ്യാറായിട്ടില്ല. ‘ജാതിവിവേചനത്തിനെതിരെ ഇന്ത്യ’ എന്ന ബാനറിന് കീഴിൽ ഐഐടി ബോംബെയുടെ പ്രധാന കവാടത്തിന് മുന്നിൽ ഇന്ന് പ്രതിഷേധം നടത്താനാണ് തീരുമാനം. ക്യാമ്പസിൽ മുമ്പ് നടന്ന മറ്റ് ആത്മഹത്യാ സംഭവങ്ങളും ജാതിവിവേചനവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും പ്രതിഷേധക്കാർ ഉയർത്തിക്കാട്ടുന്നുണ്ട്. “മരിക്കാനല്ല നമ്മൾ ഇവിടെയുള്ളത്” എന്ന മുദ്രാവാക്യവും പ്രതിഷേധത്തിന്റെ ഭാഗമായി ഉയർത്തുന്നുണ്ട്. അതേസമയം, പരീക്ഷയ്ക്കിടെ അനുമതിയില്ലാത്ത സ്മാർട്ട്ഫോൺ കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്ത വിദ്യാർഥിക്കെതിരെ പ്രൊഫസർ സ്ഥാപനത്തിന്റെ നിർദേശപ്രകാരമുള്ള നടപടിക്രമം പാലിക്കുക മാത്രമാണ് ചെയ്തതെന്ന് ഫാക്കൽറ്റി ഫോറം വ്യക്തമാക്കി. അധ്യാപകനെതിരായ പരാമർശങ്ങൾ അദ്ദേഹത്തെ മാനസികമായി ബാധിച്ചിട്ടുണ്ടെന്നും ഫോറം പ്രതികരിച്ചു. സംഭവത്തിൽ ഉത്തരവാദിത്തം ആരുടേതെന്നതിൽ പ്രതിഷേധക്കാരും അധികൃതരും വ്യത്യസ്ത നിലപാടുകളിലാണ് തുടരുന്നത്.
Summary: IIT Bombay authorities held talks with protesting students over 18 demands following the death by suicide of 22-year-old student Sahil Ravindra Wakode. Protesters and his family have alleged caste-based discrimination and institutional harassment, while the faculty forum has defended the exam invigilator’s actions as being in line with institutional procedure.




