പതിനാറിന്റെ പിറന്നാളിന് ‘സാംസ്‌കാരിക സമ്മാനം’; അയര്‍ലണ്ടിലെ കൗമാരക്കാര്‍ക്ക് 100 യൂറോയുടെ കള്‍ച്ചര്‍ കാര്‍ഡ്
Current: മലയാളം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പതിനാറാം വയസ്സിലേക്കു കടക്കുന്ന കൗമാരക്കാര്‍ക്ക് ഇനി ആഘോഷം ഇരട്ടിയാകും. സിനിമയും സംഗീതവും നാടകവും ഉള്‍പ്പെടെയുള്ള സാംസ്‌കാരിക പരിപാടികള്‍ ആസ്വദിക്കാന്‍ ഓരോരുത്തര്‍ക്കും 100 യൂറോയുടെ സൗജന്യ ‘കള്‍ച്ചര്‍ കാര്‍ഡ്’ നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു.
ഒക്ടോബര്‍ ആറിന് അവതരിപ്പിക്കുന്ന ബജറ്റ് 2027-ല്‍ പദ്ധതിയുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. അടുത്ത വര്‍ഷം രാജ്യത്തെ എല്ലാ 16 വയസ്സുകാര്‍ക്കും ആനുകൂല്യം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതി വിജയകരമായാല്‍ പിന്നീട് 17 വയസ്സുകാരിലേക്കും വ്യാപിപ്പിച്ചേക്കും.
സിനിമാ തിയേറ്ററുകള്‍, നാടകവേദികള്‍, സംഗീതപരിപാടികള്‍ തുടങ്ങിയവയില്‍ പ്രവേശനത്തിനായി 100 യൂറോയുടെ വൗച്ചര്‍ ഉപയോഗിക്കാനാകും. മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന ഡിജിറ്റല്‍ കാര്‍ഡായിരിക്കും ഇതെന്നാണ് പ്രാഥമിക വിവരം. കലാ-സാംസ്‌കാരിക ശില്പശാലകള്‍, പരിശീലന ക്ലാസുകള്‍ തുടങ്ങിയവയെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ട്. കായികവേദികളിലേക്കും കാര്‍ഡിന്റെ ഉപയോഗം വ്യാപിപ്പിക്കണമെന്ന ആവശ്യം ചില ഭരണകക്ഷി ടിഡിമാര്‍ ഉയര്‍ത്തിയിട്ടുണ്ട്.
കലാ, മാധ്യമ, സാംസ്‌കാരിക മന്ത്രി പാട്രിക് ഒ’ഡൊണോവന്റെ നേതൃത്വത്തിലാണ് പദ്ധതിയുടെ അന്തിമരൂപം തയ്യാറാക്കുന്നത്. പൊതുചെലവു മന്ത്രി ജാക്ക് ചേംബേഴ്‌സുമായി ചര്‍ച്ച നടത്തി ആവശ്യമായ ബജറ്റ് വിഹിതം വരും ദിവസങ്ങളില്‍ ഉറപ്പാക്കും. പദ്ധതിക്കായി പ്രതിവര്‍ഷം ഏഴു മുതല്‍ എട്ടു ദശലക്ഷം യൂറോവരെ ചെലവാകുമെന്നാണ് കണക്കുകൂട്ടല്‍.
യുവതലമുറയെ കലാ-സാംസ്‌കാരിക ലോകത്തോട് കൂടുതല്‍ അടുപ്പിക്കുക, തിയേറ്ററുകള്‍ക്കും സിനിമാശാലകള്‍ക്കും സംഗീതവേദികള്‍ക്കും പുതുജീവന്‍ നല്‍കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. പണം എങ്ങനെ വിനിയോഗിക്കണമെന്നതില്‍ കൗമാരക്കാര്‍ക്കുതന്നെ തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യമുണ്ടാകുമെന്നതും പദ്ധതിയുടെ ആകര്‍ഷണമാണ്.
ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിലവിലുള്ള കള്‍ച്ചര്‍ കാര്‍ഡ് മാതൃക പിന്തുടര്‍ന്നാണ് അയര്‍ലണ്ടും പുതിയ സാംസ്‌കാരിക സമ്മാനവുമായി എത്തുന്നത്. ഈ രാജ്യങ്ങളില്‍ 300 മുതല്‍ 500 യൂറോവരെ മൂല്യമുള്ള പദ്ധതികളാണുള്ളത്.
16-17 വയസ്സുകാര്‍ക്കായി കള്‍ച്ചര്‍ കാര്‍ഡ് അവതരിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കുമെന്ന് 2025 ജനുവരിയിലെ സര്‍ക്കാര്‍ പരിപാടിയില്‍ വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനം യാഥാര്‍ഥ്യത്തിലേക്കു നീങ്ങുന്നതോടെ അയര്‍ലണ്ടിലെ കൗമാരക്കാര്‍ക്ക് പതിനാറാം വയസ്സ് കലയും സംഗീതവും സിനിമയും നിറഞ്ഞ ആഘോഷകാലമായി മാറും.




