തുർക്കിയിലെ സ്കൂളിന് പുറത്ത് കൗമാരക്കാരൻ വെടിയുതിർത്തു; 11 വിദ്യാർഥികൾക്ക് പരിക്ക് | Turkey school shooting
അങ്കാറ: പടിഞ്ഞാറൻ തുർക്കിയിലെ സ്കൂളിന് പുറത്ത് കൗമാരക്കാരൻ നടത്തിയ വെടിവയ്പ്പിൽ 11 വിദ്യാർഥികൾക്ക് പരിക്ക്. മനീസ പ്രവിശ്യയിലെ തുർഗുത്ലുവിൽ ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് തുർക്കി നീതിന്യായ മന്ത്രി അകിൻ ഗുർലെക് അറിയിച്ചു. ആക്രമണം നടത്തിയ പ്രായപൂർത്തിയാകാത്തയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. (Turkey school shooting)
സംഭവത്തിന് പിന്നാലെ ആക്രമണത്തിന് പിന്നിലെ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ മാതാപിതാക്കളെയും മുത്തച്ഛനെയും അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തതായി മന്ത്രി അറിയിച്ചു. ആക്രമണത്തിന് ഉപയോഗിച്ച തോക്ക് കൗമാരക്കാരന്റെ കൈയിലെത്തിയത് എങ്ങനെയെന്നും അത് എങ്ങനെ സൂക്ഷിച്ചിരുന്നുവെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ആക്രമണത്തിന് മുമ്പ് പ്രതി ബുള്ളിയിങ്ങിന് ഇരയായിരുന്നോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. വെടിയൊച്ച കേട്ടതോടെ സമീപവാസികൾ പരിഭ്രാന്തരായി. ദൃക്സാക്ഷികളുടെ മൊഴി പ്രകാരം തോക്കുമായി യുവാവ് റോഡിലൂടെ സഞ്ചരിക്കുകയും ആളുകൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളിൽ കറുത്ത ജീൻസും ജാക്കറ്റും പച്ച നിറത്തിലുള്ള വസ്ത്രവും ധരിച്ച യുവാവ് നീളമുള്ള തോക്കുമായി നിൽക്കുന്നതും ഓടുന്നതും കാണാമെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് സ്കൂളിലെ അന്നത്തെ ക്ലാസുകൾ നിർത്തിവച്ചു.
തുർക്കിയിൽ സ്കൂൾ വെടിവയ്പ്പുകൾ അപൂർവമാണെങ്കിലും കഴിഞ്ഞ ഏപ്രിലിൽ തുടർച്ചയായ രണ്ട് ദിവസങ്ങളിൽ കൗമാരക്കാർ നടത്തിയ വെടിവയ്പ്പുകൾ രാജ്യത്ത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. കഹ്റമൻമറാഷിൽ 14കാരൻ നടത്തിയ വെടിവയ്പ്പിൽ അധ്യാപകനും 10, 11 വയസ്സുള്ള ഒമ്പത് വിദ്യാർഥികളും കൊല്ലപ്പെട്ടു. അതിന് തൊട്ടുമുമ്പ് ഷാൻലിയുർഫയിലെ മുൻ സ്കൂളിൽ മറ്റൊരു കൗമാരക്കാരൻ നടത്തിയ ആക്രമണത്തിൽ 16 പേർക്ക് പരിക്കേറ്റിരുന്നു. പൊലീസ് നേരിട്ടതിനെ തുടർന്ന് ആക്രമി ആത്മഹത്യ ചെയ്യുകയായിരുന്നു.
ഈ സംഭവങ്ങൾക്ക് പിന്നാലെ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ തോക്ക് നിയന്ത്രണം ശക്തമാക്കുമെന്നും സ്കൂൾ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. പുതിയ അധ്യയന വർഷം ആരംഭിച്ചതിന് പിന്നാലെ സ്കൂളുകളിൽ സുരക്ഷാ നടപടികളും വർധിപ്പിച്ചിരുന്നു. 31,000 സ്കൂൾ പരിസര സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചതായും ഉയർന്ന അപകടസാധ്യതയുള്ള സ്കൂളുകളിൽ സ്ഥിരം പൊലീസ് സാന്നിധ്യം ഏർപ്പെടുത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Summary: A teenage suspect opened fire outside a high school in Turgutlu, Turkey, injuring 11 students, with two reportedly in serious condition. The suspect was detained, while his family members were also taken into custody as authorities investigate the weapon, possible bullying and other circumstances surrounding the attack.




